ഡോക്ടറുടെ ലഗേജിൽ 64 വെടിയുണ്ടകൾ, ചോദ്യം ചെയ്തപ്പോൾ പൈലറ്റ് തന്നതാണെന്ന് മൊഴി, അന്വേഷണത്തിൽ 500 ലധികം വെടിയുണ്ടകളും 87 കുപ്പി മദ്യവും കണ്ടെടുത്തു
text_fieldsകുവൈത്ത് സിറ്റി: ലൈസൻസില്ലാത്ത വെടിയുണ്ടകളും വീട്ടിൽ നിർമിച്ച മദ്യവുമായി രണ്ട് എയർലൈൻ ജീവനക്കാർ പിടിയിൽ. പ്രതികളിൽ ഒരാൾ ഡോക്ടറും മറ്റൊരാൾ പൈലറ്റുമാണ്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് വെപ്പൺസ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡോക്ടറുടെ ലഗേജിൽ ഒളിപ്പിച്ച നിലയിൽ 64 വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാമനും പിടിയിലായത്. ചോദ്യംചെയ്യലിൽ പൈലറ്റിൽ നിന്നാണ് വെടിയുണ്ടകൾ വാങ്ങിയതെന്ന് ഡോക്ടർ സമ്മതിച്ചു. തുടർന്ന് പൈലറ്റിനെയും വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു.
പ്രതികളുടെ വീട്ടിലടക്കമുള്ള പരിശോധനയിൽ 500 ലധികം വെടിയുണ്ടകളും മറ്റൊരു വസതിയിൽ നിന്ന് 87 കുപ്പിമദ്യവും മദ്യനിർമാണ ഉപകരണങ്ങളും കണ്ടെത്തി. ഓൺലൈനായി ഓർഡർ ചെയ്ത ഇനങ്ങൾ ഉപയോഗിച്ചാണ് മദ്യം നിർമിച്ചതെന്ന് പൈലറ്റ് ചോദ്യംചെയ്യലിൽ സമ്മതിച്ചു.
പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിലും നിയമലംഘനങ്ങൾ ചെറുക്കുന്നതിനും കർശന പരിശോധനകളും നടപടികളും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
; കുവൈത്തിൽ
ഒളിപ്പിച്ച നിലയിൽ 64 വെടിയുണ്ടകൾ,