വ്യോമാതിർത്തിയിലും വിമാനത്താവളവും ലക്ഷ്യമിട്ട് ആക്രമണം; അന്താരാഷ്ട്ര സിവിൽ ഏവിയേഷന് പ്രതിഷേധ കത്ത് നൽകി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വ്യോമാതിർത്തിയും അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളിൽ കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് (ഐ.സി.എ.ഒ) ഔദ്യോഗിക പ്രതിഷേധ കത്ത് സമർപ്പിച്ചു. ഇറാൻ ആക്രമണങ്ങൾ ഗുരുതരമായ നിയമലംഘനങ്ങളും സിവിൽ ഏവിയേഷനെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര കൺവെൻഷനുകളുടെ നഗ്നമായ ലംഘനമാണെന്നും കുവൈത്ത് ചൂണ്ടികാട്ടി. യാത്രക്കാരെയും വിമാനക്കമ്പനികളെയും വിമാനത്താവള ജീവനക്കാരെയും അപകടസാധ്യതകളിലേക്ക് തള്ളിവിടുന്നതാണ് ഇത്തരം നടപടികൾ.
ഇറാൻ ആക്രമങ്ങൾ വ്യോമ ഗതാഗതത്തെ തടസ്സപ്പെടുത്തി. എല്ലാ വിമാന സർവിസുകളും നിർത്തിവെക്കാൻ നിർബന്ധിതരായി. സിവിൽ വ്യോമയാന മേഖലക്ക് ഗണ്യമായ സാമ്പത്തിക നഷ്ടത്തിനും, യാത്രക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷാ ഭീഷണികൾക്കും ആക്രമണം കാരണമായി. വ്യോമാതിർത്തിയുടെയും സിവിലിയൻ സൗകര്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഐ.സി.എ.ഒയോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനുള്ള പൂർണ്ണ നിയമപരമായ അവകാശം കുവൈത്തിനുണ്ടെന്നും വ്യക്തമാക്കി.


