സി.ബി.എസ്.ഇ ദേശീയ അത്ലറ്റിക് മീറ്റ്; മികച്ച പ്രകടനവുമായി ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ
text_fieldsകുവൈത്ത് സിറ്റി: ഉത്തർ പ്രദേശിലെ വാരണാസിയിൽ നടന്ന സി.ബി.എസ്.ഇ ദേശീയ അത്ലറ്റിക് മീറ്റിൽ മികച്ച പ്രകടനവീമായി ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ. സ്കൂളിനെ പ്രതിനിധീകരിച്ച്, ആയുർദ അജിത്, നഫീസത്ത് മെഹ്റീൻ, സഫ ഉദ്ദീൻ, ജസ്റ്റീന എൽസ ജോസ് എന്നിവർ മീറ്റിൽ പങ്കെടുത്തു.
ആയുർദ അജിത് അണ്ടർ 17 വിഭാഗം ഷോട്ട് പുട്ടിലും ജാവലിൻ ത്രോയിലും മാറ്റുരച്ചപ്പോൾ നഫീസത്ത് മെഹ്റീൻ അണ്ടർ 19 വിഭാഗം ഡിസ്കസ് ത്രോയിലും ജസ്റ്റീന അണ്ടർ 17 വിഭാഗം ലോങ്ങ് ജമ്പിലും സഫ അണ്ടർ 19 വിഭാഗം ജാവലിൻ ത്രോയിലും മികച്ചു നിന്നു. കുവൈത്തിൽ നടന്ന ക്ലസ്റ്റർ അത്ലറ്റിക് മീറ്റിൽ വിജയം കൈവരിച്ചാണ് ഇവർ നാഷനൽ അത്ലറ്റിക് മീറ്റ് യോഗ്യത നേടിയത്.കഴിഞ്ഞ വാരം ഹരിയാനയിൽ നടന്ന സി.ബി.എസ്.ഇ നാഷനൽ ബോക്സിങ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രാതിനിധ്യം അറിയിച്ചിരുന്നു.സ്കൂളിലെ പതിനൊന്നാം തരം വിദ്യാർഥി നാദിർ ഫഹീമുദ്ദീനാണ് അണ്ടർ 19 വിഭാഗം ബോക്സിങ്ങിൽ മത്സരിച്ചത്.
മീറ്റിൽ പങ്കെടുത്ത് തിരിച്ചെത്തിയ ടീം അംഗങ്ങളേയും അധ്യാപകരേയും സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, പ്രിൻസിപ്പൽ ഡോ. കെ.സലീം എന്നിവർ അഭിനന്ദിച്ചു. സ്കൂളിലെ കായിക വിഭാഗം മേധാവി ഡോ. രമേശ് കുമാറിന്റെയും കായികാധ്യാപകരായ ഫരീദ ഭാനു, ജോസഫ് സുധാകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഈ മാസാവസാനം രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ സി.ബി.എസ്.ഇ നാഷനൽ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്കൂളിലെ എട്ടാം തരം വിദ്യാർഥി ഇഷാഖ് ഇംതിയാസ് പങ്കെടുക്കും.