കസ്റ്റംസ് ഓപറേഷൻ, അതിർത്തി സുരക്ഷ; കുവൈത്തും യു.എസും കരാറിൽ ഒപ്പുവച്ചു
text_fieldsകുവൈത്ത് സിറ്റി: കസ്റ്റംസ് പ്രവർത്തനത്തിലും അതിർത്തി സുരക്ഷയിലും സഹകരണം വർധിപ്പിക്കുന്നതിനും സാങ്കേതിക വൈദഗ്ധ്യം കൈമാറാനും കുവൈത്തും യു.എസും കരാറിൽ ഒപ്പുവച്ചു. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹും യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസി കമീഷണർ റോഡ്നി സ്കോട്ടും തമ്മിൽ വാഷിംഗ്ടൺ ഡി.സിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പിട്ടത്.
കസ്റ്റംസ് പ്രവർത്തനവും തുറമുഖ സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള സഹകരണ സാധ്യതകളെക്കുറിച്ച് ശൈഖ് ഫഹദ് കമ്മീഷണർ സ്കോട്ടുമായി ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള യാത്ര, ചരക്ക് വിമാന സർവിസുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്ന അനുഭവങ്ങൾ കൈമാറുന്നതിനുള്ള സംവിധാനങ്ങളും ഇരുവരും അവലോകനം ചെയ്തു. തുറമുഖ മാനേജ്മെന്റിൽ ദേശീയ കേഡറുകളെ യോഗ്യരാക്കുന്നതിനുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കൽ, അതിർത്തി പരിശോധനയും നിയന്ത്രണവും മെച്ചപ്പെടുത്തുന്നതിന് സ്മാർട്ട് സംവിധാനങ്ങളുടെ സാധ്യത എന്നിവയും ചർച്ച ചെയ്തു.
യു.എസുമായുള്ള കസ്റ്റംസ്, സുരക്ഷാ സഹകരണം വികസിപ്പിക്കാനുള്ള കുവൈത്തിന്റെ താൽപര്യം ശൈഖ് ഫഹദ് വ്യക്തമാക്കി. തുറമുഖ സുരക്ഷയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് അനുസൃതമായി തുടർച്ചയായ ഏകോപനത്തിന്റെ പ്രാധാന്യവും ചൂണ്ടികാട്ടി. യു.എസിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സൈൻ അസ്സബാഹും യോഗത്തിൽ പങ്കെടുത്തു.