കടൽ ആസ്വദിക്കാം വിനോദങ്ങൾക്കൊപ്പം
text_fieldsമെസ്സില ബീച്ചിൽ ഒരുക്കിയ ശിൽപ്പം
കുവൈത്ത് സിറ്റി: മെസ്സില ബീച്ചിൽ അത്യാധുനിക വിനോദ സമുച്ചയമായ 'സിറ്റി ഓഫ് വണ്ടേഴ്സ്' ഔദ്യോഗികമായി തുറന്നു.
ടൂറിസ്റ്റിക് പ്രോജക്റ്റ്സ് കമ്പനിയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ഈ സമുച്ചയം കുവൈത്തിലെ വിനോദ-സഞ്ചാര മേഖലക്ക് പുതിയ മുഖം നൽകുമെന്നാണ് പ്രതീക്ഷ.
കുടുംബങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഇവിടെ ഫാന്റസി തീം പാർക്കുകൾ, അത്യാകർഷക ലൈറ്റ് ഷോ, വാട്ടർ സ്പോർട്സ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്കായുള്ള പ്രത്യേക കളിസ്ഥലങ്ങൾ, സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ള അഡ്വഞ്ചർ സോണുകൾ, വൈവിധ്യമാർന്ന ഭക്ഷണശാലകൾ, വിശാലമായ തീം അധിഷ്ഠിത വിനോദ മേഖലകൾ എന്നിവയും സമുച്ചയത്തിലുണ്ട്.ബീച്ചിന്റെ പ്രകൃതിസൗന്ദര്യവും ദൃശ്യാനുഭവങ്ങളും സമന്വയിപ്പിച്ച് വിശ്രമവും വിനോദവും ഒരുമിച്ച് അനുഭവിക്കാനാകുന്ന രീതിയിലാണ് 'സിറ്റി ഓഫ് വണ്ടേഴ്സ്' രൂപകൽപന ചെയ്തിരിക്കുന്നത്. തീരസംരക്ഷണത്തിന് അത്യാധുനിക സുരക്ഷ സംവിധാനങ്ങളും ബീച്ചിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കുവൈത്തിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായി ഇത് മാറുമെന്നും പ്രാദേശിക-അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കുമെന്നും പ്രതീക്ഷിക്കുന്നു.


