തീപിടിത്ത പ്രതിരോധം; പരിശോധനകൾ തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: വേനലിൽ തീപിടിത്ത അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ജനറൽ ഫയർഫോഴ്സ് കർശന പരിശോധന തുടരുന്നു. ഷുവൈഖിൽ കഴിഞ്ഞ ദിവസം വ്യാപകമായ പരിശോധനാ കാമ്പയിൻ നടത്തി. കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും സുരക്ഷാ, അഗ്നി പ്രതിരോധ സംവിധാനങ്ങൾ സംഘം പരിശോധിച്ചു.
നിയമം ലംഘിച്ച നിരവധി കെട്ടിടങ്ങൾ കണ്ടെത്തി. ഇവ അടച്ചുപൂട്ടി. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചായിരുന്നു പരിശോധന. വൈദ്യുതി മന്ത്രാലയം, വാണിജ്യ മന്ത്രാലയം, വ്യവസായത്തിനായുള്ള പബ്ലിക് അതോറിറ്റി, പരിസ്ഥിതി പബ്ലിക് അതോറിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി ആൻഡ് മാൻപവർ ഇൻവെസ്റ്റിഗേഷൻസ്, ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി എന്നിവ പരിശോധനയിൽ പങ്കാളികളായി. രാജ്യത്ത് വേനലിൽ തീപിടിത്ത അപകടങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യാറുണ്ട്.
ഇവ ഒഴിവാക്കുന്നതിനായി സുരക്ഷാസംവിധാനങ്ങൾ ഒരുക്കാനും നിയമങ്ങൾ പാലിക്കാനും അധികൃതർ ഉണർത്തി. പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പും നൽകി. കഴിഞ്ഞ വർഷം രാജ്യം വൻ തീപിടിത്ത ദുരന്തങ്ങൾക്ക് സാക്ഷിയായിരുന്നു.
ജൂൺ 12ന് മൻഗഫിലെ എന്‍.ബി.ടി.സിയിലേയും ഹൈവേ സുപ്പര്‍ മാര്‍ക്കറ്റിലെയും ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിൽ തീപടർന്ന് 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിക്കുകയും നിരവധി പേര്‍ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അബ്ബാസിയയിൽ അപ്പാർട്ട്മെന്റിൽ തീപിടിച്ച് നാലംഗ മലയാളി കുടുംബവും മരിക്കുകയുണ്ടായി.