വരുന്നുണ്ട് കൂട്ടുകാരാ, ആ സ്നേഹത്തണലിലേക്ക്...
text_fieldsഅബ്ദു
കുവൈത്ത് സിറ്റി: നാട്ടിൽനിന്ന് ഒരുപാട് ദൂരെയാണെങ്കിലും കുവൈത്തിലെ ഫഹാഹീലിൽ കഴിയുന്ന അബ്ദു ഇപ്പോൾ വലിയ സന്തോഷത്തിലാണ്. കൈവിട്ടുപോയെന്നു കരുതിയ സ്നേഹബന്ധങ്ങളൊക്കെയും വീണ്ടും വന്നണഞ്ഞതിന്റെ സന്തോഷം.
വർഷങ്ങൾ ഒരുമിച്ച് കഴിഞ്ഞ് 11ാം വയസ്സിൽ വേർപെട്ടുപോയ ബാല്യകാല സുഹൃത്തിനെ മൂന്നര പതിറ്റാണ്ടിനുശേഷം തിരിച്ചുകിട്ടിയിരിക്കുന്നു. സൗഹൃദത്തിലേക്കു മാത്രമല്ല, ഓർമകളുടെയും സ്നേഹവാത്സല്യങ്ങളുടെയും തീരത്തേക്കുകൂടിയാണ് അബ്ദു ഇപ്പോൾ തിരിച്ചു നടക്കുന്നത്. ഭൂമിയിൽ രക്തബന്ധത്തേക്കാളും വലിയ സ്നേഹബന്ധങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കുന്ന നിമിഷങ്ങൾ.
കുട്ടിക്കാലത്ത് പിതാവ് തലശ്ശേരി സൈതാർപള്ളിയിലെ കുഞ്ഞാലിക്കുട്ടിക്കേയി വയനാട്ടിലെ മുട്ടം അനാഥാലയത്തിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന അബ്ദുവും സഹോദരി സുലൈഖയും തങ്ങൾക്ക് പുതിയ സഹോദരങ്ങളായതും വർഷങ്ങളോളം തലശ്ശേരിയിലെ വീട്ടിൽ ഒരുമിച്ചുകഴിഞ്ഞതും പിന്നീട് അബ്ദു യാത്രയായതും ശേഷം വിവരമൊന്നുമില്ലാതായതും കൂട്ടുകാരനെ തിരഞ്ഞുകൊണ്ടേയിരിക്കുന്ന നൗഷാദിനെ കുറിച്ച് 'മാധ്യമം'വാർത്ത നൽകിയിരുന്നു.
തുടർന്നാണ് കുവൈത്തിലെ ഫഹാഹീലിൽ കഴിയുന്ന അബ്ദുവിനെ കണ്ടെത്തിയത്. വർഷങ്ങൾക്കുശേഷം നൗഷാദിന്റെ വിളിയെത്തിയപ്പോൾ ഏറെ ആഹ്ലാദവും സന്തോഷവും തോന്നിയെന്ന് അബ്ദു പറഞ്ഞു. അഞ്ചാംവയസ്സിൽ സഹോദരിയുടെ കൈപിടിച്ച് മറ്റൊരു വീട്ടിലേക്ക് നടന്നുകയറുമ്പോൾ ഏറെ ആധിയുണ്ടായിരുന്നു. എന്നാൽ, കുഞ്ഞാലിക്കുട്ടിക്കേയിയും ഭാര്യ ഫാത്തിമയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചു.
അവരുടെ മക്കളായ ഹാഷിം, അഷ്റഫ്, ഷക്കീല, നൗഷാദ് എന്നിവർ സഹോദരങ്ങളായി. കൂട്ടത്തിൽ ഇളയവനും സമപ്രായക്കാരനുമായ നൗഷാദുമായാണ് കൂടുതൽ അടുപ്പം ഉണ്ടായിരുന്നത്. കുഞ്ഞുനാളിൽ ഒരുമിച്ചാണ് മദ്റസയിലും സ്കൂളിലും പോയിരുന്നത്. കളിയും ചിരികളുമായി കഴിഞ്ഞുകൂടിയ നാളുകൾ.
11ാം വയസ്സിൽ സഹോദരൻ ഉമ്മർ അബ്ദുവിനെയും സഹോദരിയെയും കുറ്റ്യാടിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതോടെ തലശ്ശേരിയിലെ വീടുമായുള്ള ബന്ധം അറ്റു.
കുറച്ചുകൂടി മുതിർന്നപ്പോൾ അബ്ദു വയനാട്ടിലെ എസ്റ്റേറ്റിൽ ജോലിക്കാരനായി. പഴയ വീടും സൗഹൃദങ്ങളും അപ്പോഴും ഓർമയിലുണ്ടായിരുന്നു. 2001ൽ വിവാഹം ഉറപ്പിച്ചപ്പോൾ ഓർമയിൽനിന്ന് വിലാസം തപ്പിയെടുത്ത് അബ്ദു തലശ്ശേരിയിലേക്ക് കത്തെഴുതി. മറുപടി ഒന്നും ഉണ്ടായില്ല. പിന്നെയും പലതവണ എഴുത്തുവിട്ടെങ്കിലും മറുപടി വന്നില്ല. 2003ൽ അബ്ദു കുവൈത്തിലെത്തി. ജീവിതത്തിരക്കുകൾക്കിടയിൽ ബാല്യകാല അനുഭവങ്ങൾ വല്ലപ്പോഴുമെത്തുന്ന ഓർമമാത്രമായി.
എന്നാൽ, ഇതിനിടയിലെല്ലാം നൗഷാദ് അബ്ദുവിനെ തിരയുകയായിരുന്നു. ആ അന്വേഷണമാണ് അടുത്തിടെ വയനാട്ടിലെ ഷെഫീഖ് വഴി ഇരുവരെയും ഫോണിൽ കൂട്ടിമുട്ടിച്ചത്. ഇപ്പോൾ എന്നും അബ്ദുവിന് നൗഷാദിന്റെ വിളി വരുന്നുണ്ട്. മറ്റു സഹോദരങ്ങളും വിളിച്ച് സന്തോഷം പങ്കുവെക്കുന്നു.
ഉടൻ നാട്ടിൽ പോയി എല്ലാവരെയും കാണണമെന്ന ആഗ്രഹത്തിലാണിപ്പോൾ അബ്ദു. ഡിസംബറിൽ അതു നടക്കുമെന്നാണ് പ്രതീക്ഷ. ആത്മബന്ധത്തിന്റെ കണ്ണികൾ അറ്റുപോയിക്കൂടല്ലോ...