ഹജ്ജ് തീർഥാടകരുടെ യാത്ര: കുവൈത്തിൽനിന്ന് 63 വിമാനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തുനിന്നുള്ള ഹജ്ജ് തീർഥാടകരുടെ യാത്രക്ക് തുടക്കം. തീർഥാടകരുടെ യാത്രക്കും തിരിച്ചുവരവിനും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. തീർത്ഥാടകരെ സൗദി അറേബ്യയിലേക്ക് കൊണ്ടുപോകുന്നതിനായി 63 വിമാനങ്ങൾ സർവീസ് നടത്തും. ഏകദേശം 8,400 തീർത്ഥാടകർ ഇതുവഴി യാത്രചെയ്യും.
മേയ് 23 വരെ തുടർച്ചയായി നാല് ദിവസങ്ങളിൽ കുവൈത്തിൽ നിന്നുള്ള ഹജ്ജ് വിമാനങ്ങൾ സർവീസ് നടത്തുമെന്നും അതോറിറ്റി പ്രസിഡന്റ് ശൈഖ് എഞ്ചിനീയർ ഹുമൗദ് മുബാറക് അൽ ഹുമൗദ് അസ്സബാഹ് പറഞ്ഞു. തീർഥാടകർക്കുള്ള മടക്ക വിമാനങ്ങൾ മേയ് 30 മുതൽ 31 ദിവസങ്ങളിൽ ഉണ്ടാകും. കുവൈത്ത് ഹജ്ജ് കാമ്പുകൾ, സൗദി അധികാരികൾ, വിമാനക്കമ്പനികൾ, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ എന്നിവയുമായി ഏകോപിപ്പിച്ചാകും ഇത്. തീർത്ഥാടകരുടെ യാത്രക്കും തിരിച്ചുവരവിനും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എല്ലാ പ്രവർത്തന, സുരക്ഷാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയം, ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയം, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ, വിമാനക്കമ്പനികൾ, ഗ്രൗണ്ട് സർവീസ് പ്രൊവൈഡർമാർ എന്നിവരുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ. തീർത്ഥാടകർ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണം. വിമാനത്തിൽ ഒരു ബാഗ് മാത്രം വഹിക്കുക. എല്ലാ എയർലൈൻ ചട്ടങ്ങളും പാലിക്കുക.


