ഹാൻഡ്ബാൾ യോഗ്യത മത്സരം; തുടർച്ചയായ മൂന്നാം വിജയവുമായി കുവൈത്ത്
text_fieldsകുവൈത്ത്-യു.എ.ഇ മത്സരത്തിൽ നിന്ന്
കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന ഐ.എച്ച്.എഫ് പുരുഷ ഹാൻഡ്ബാൾ ലോക ചാമ്പ്യൻഷിപ്പ് യോഗ്യത മത്സരത്തിൽ കുവൈത്തിന് മൂന്നാം ജയം. ഗ്രൂപ്പ് സി അവസാന മൽസരത്തിൽ യു.എ.ഇയെ കുവൈത്ത് 22-27 എന്ന സ്കോറിന് പരാജയപ്പെടുത്തി. തുടർച്ചയായ മൂന്നാം വിജയത്തോടെ ഗ്രൂപ്പിൽ കുവൈത്ത് ഒന്നാം സ്ഥാനത്തെത്തി.
ശൈഖ് സാദ് അൽ അബ്ദുല്ല സ്പോർട്സ് കോംപ്ലക്സിൽ നടന്ന മൽസരത്തിൽ ഉടനീളം കുവൈത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. തുല്യശക്തികളുടെ പോരാട്ടത്തിൽ തുടക്കം മുതൽ മൽസരത്തിൽ നേടിയ നേരിയ മുൻതൂക്കം കുവൈത്ത് നിലനിർത്തുകയായിരുന്നു.
ആദ്യ പകുതിയിൽ 11-13 എന്ന സ്കോറിൽ ലീഡ് നേടിയ കുവൈത്ത് രണ്ടാം പകുതിയിൽ 22-27 എന്ന സ്കോറിന് മൽസരം കൈപ്പിടിയിലൊതുക്കി. ചാമ്പ്യൻഷിപ്പിലെ മികച്ച നാല് ടീമുകൾ 2027 ജനുവരി 13 മുതൽ 31 വരെ ജർമ്മനിയിൽ നടക്കുന്ന 30ാമത് ഐ.എച്ച്.എഫ് പുരുഷ ഹാൻഡ്ബാൾ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടും. ഒനുവരി 29 വരെ കുവൈത്തിൽ നടക്കുന്ന യോഗ്യത മൽസരത്തിൽ നാലു ഗ്രൂപ്പുകളിലായി 15 രാജ്യങ്ങൾ മാറ്റുരക്കുന്നുണ്ട്.


