വൈവിധ്യങ്ങളുമായി ഐ.സി.എസ്.കെ മെഗാ കാർണിവൽ നാളെ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (ഐ.സി.എസ്.കെ) 20ാമത് മെഗാ കാർണിവൽ വെള്ളിയാഴ്ച. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയാണ് ആഘോഷങ്ങൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കുന്നതിനുള്ള 'സ്റ്റുഡന്റ്സ് വെൽഫെയർ ഫണ്ട്' സമാഹരണം എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
ലിറ്റിൽ സ്റ്റാർ സരിഗമപ, സിക്കിം ഐഡൽ താരം ജെറ്റ്ഷെൻ ഡോഹ ലാമ, മജീഷ്യനും മെന്റലിസ്റ്റുമായ അശ്വിൻ വിജയ്, കുവൈത്തി ഗായകൻ മുബാറക് അൽ റാഷിദ്, ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവും പ്രശസ്ത ജഗ്ളറുമായ വിനോദ് വെഞ്ഞാറമൂട് തുടങ്ങിയ നിരവധി കലാകാരന്മാർ മെഗാ കാർണിവലിൽ അണിനിരക്കും. കോമഡി ഷോ, മ്യൂസിക്കൽ എക്സ്ട്രാവാഗൻസ, ലേസർ ഷോ, മാജിക് ഷോ, കപ്പിൾ ഫാഷൻ ഷോ, തനൂറ നൃത്തം, മെഹന്തി മത്സരം, ഡിജെ ഷോ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഫുഡ് സ്റ്റാളുകൾ, വസ്ത്ര, കരകൗശല സ്റ്റാളുകൾ എന്നിവയും സജ്ജീകരിക്കും. വിനോദം, സംസ്കാരം, വൈവിധ്യമാർന്ന രുചികൾ, കാരുണ്യ ശ്രമം എന്നിവയുടെ സമന്വയമായ മെഗാ കാർണിവലിൽ മുഴുവൻ ജനവിഭാഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഐ.സി.എസ്.കെ അറിയിച്ചു.


