പരിശോധനയും ജാഗ്രതയും ഉറപ്പാക്കും; സുരക്ഷ ശക്തിപ്പെടുത്താൻ രാജ്യം ആഭ്യന്തര മന്ത്രി വിലയിരുത്തി
text_fieldsകുവൈത്ത് സിറ്റി: പരിശോധനയും ജാഗ്രതയും കടുപ്പിച്ച് രാജ്യസുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തരമന്ത്രാലയം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നേതൃ ത്വത്തിൽ രാജ്യത്തെ സുരക്ഷ സംവിധാനങ്ങൾ അവലോകനം ചെയ്തു. അസിസ്റ്റന്റ് അണ്ടർസെക്രട്ടറിമാരും സുരക്ഷാ മേഖലാ മേധാവികളും പങ്കെടുത്ത യോഗത്തിൽ പരിശോധനയും ജാഗ്രതയും ഉറപ്പാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ ഏജൻസികളുടെ ഏകോപനം, തെരുവുകളിലെ സാന്നിധ്യം വർധിപ്പിക്കൽ, ഏത് അടിയന്തര സാഹചര്യത്തിലും വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്നതിനുള്ള സന്നദ്ധത വർധിപ്പിക്കൽ എന്നിവയുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടികാട്ടി. സ്കൂളുകൾക്കും സുപ്രധാന പ്രദേശങ്ങൾക്കും സമീപം സുരക്ഷാ സാന്നിധ്യം ശക്തമാക്കണം. തിരക്കേറിയ സമയങ്ങളിൽ ഗതാഗതം സുഗമമാക്കുകയും ഗതാഗത തടസ്സമുണ്ടാക്കുന്നതും ജീവൻ അപകടത്തിലാക്കുന്നതുമായ നിയമലംഘനം തടയണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. രാജ്യത്ത് സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള ദൗത്യം ആഭ്യന്തര മന്ത്രാലയം തുടരുമെന്ന് എന്ന് ശൈഖ് ഫഹദ് പറഞ്ഞു.ആഭ്യന്തര മന്ത്രാലയത്തിലെ ആക്ടിങ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി, പൊതുസുരക്ഷ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ ദവാസ്, വിവിധ സുരക്ഷാ മേഖല മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അതേസമയം, പുതിയ അധ്യയന വർഷത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സാഹചര്യങ്ങളെ നേരിടാനും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷ ഉറപ്പാക്കാനുമുള്ള സംവിധാനങ്ങൾ സജ്ജമാണെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുല്ല അൽ അതിഖി വ്യക്തമാക്കി. ഗതാഗത നിയമലംഘനം തടയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലുള്ള പ്രതികരണത്തിനും സുരക്ഷാ സേന ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സുരക്ഷയും സ്ഥിരതയും നിലനിർത്തുക ആഭ്യന്തര മന്ത്രാലയത്തിന്റെ മുഖ്യ ദൗത്യമാണെന്നും അൽ അതിഖി കൂട്ടിച്ചേർത്തു.