സംയുക്ത സൈനിക സഹകരണം; പ്രതിരോധ മന്ത്രിയും നാറ്റോ മേധാവിയും ചർച്ച നടത്തി
text_fieldsപ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് നാറ്റോ മിലിറ്ററി കമ്മിറ്റി ചെയർമാൻ അഡ്മിറൽ കാവോ ഡ്രാഗണുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ നാറ്റോ മിലിറ്ററി കമ്മിറ്റി ചെയർമാൻ അഡ്മിറൽ കാവോ ഡ്രാഗണുമായി പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് കൂടിക്കാഴ്ച നടത്തി. സംയുക്ത സൈനിക സഹകരണം, താൽപര്യമുള്ള വിവിധ വിഷയങ്ങൾ എന്നിവ ഇരുവരും ചർച്ച ചെയ്തു. കുവൈത്തും നാറ്റോയും തമ്മിലുള്ള സവിശേഷമായ ഉഭയകക്ഷി ബന്ധത്തെയും വിവിധ മേഖലകളിലെ സഹകരണത്തിലെ വികാസത്തെയും ശൈഖ് അബ്ദുല്ല അലി പ്രശംസിച്ചു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായും അഡ്മിറൽ കാവോ ഡ്രാഗൺ കൂടികാഴ്ച നടത്തി. കിരീടാവകാശിയുടെ ഓഫീസ് മേധാവി ജമാൽ അൽ തിയാബ്, വിദേശകാര്യ അണ്ടർസെക്രട്ടറി മാസിൻ അൽ ഇസ്സ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അഡ്മിറൽ ഡ്രാഗണിനും പ്രതിനിധി സംഘത്തിനും ബയാൻ പാലസിൽ സ്വീകരണവും നൽകി.