‘കുവൈത്ത്’ ലോകത്തെ സുരക്ഷിതരാജ്യങ്ങളിൽ ഏഴാമത്
text_fieldsകുവൈത്ത് സിറ്റി: ലോകത്തെ സുരക്ഷിത രാജ്യങ്ങളിൽ ഏഴാം സ്ഥാനം നേടി രാജ്യം. ഗാലപ്പ് ഇന്റർനാഷനൽ പുറത്തിറിക്കിയ 2024 ആഗോള സുരക്ഷാ റിപ്പോർട്ടിലാണ് രാജ്യം മുൻനിര പിടിച്ചത്. താമസക്കാരുൾപ്പെടെയുള്ളവരുടെ രാത്രികാല സുരക്ഷിതബോധം അളക്കുന്നതാണ് റിപ്പോർട്ട്.
‘ക്രമസമാധാന’ സൂചികയിൽ ശ്രദ്ധേയമായ 88 പോയിന്റ് നേടി ഉയർന്ന നിലവാരം ഉറപ്പാക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ നിയമ നിർവ്വഹണ ചട്ടക്കൂട്, കേന്ദ്രീകൃത ഭരണം, നഗര സുരക്ഷയിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള തുടർ നിക്ഷേപം എന്നിവ ജനങ്ങൾക്ക് സുരക്ഷിത ഃന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.കുറഞ്ഞ കുറ്റകൃത്യ നിരക്കാണ് കുവൈത്തിൽ. സുസ്ഥിരമായ പൊതു ക്രമസമാധാനം നിലനിർത്താനുള്ള രാജ്യത്തിന്റെ നിരന്തര ശ്രമങ്ങളും നേട്ടത്തിന് കാരണമായി. പട്ടികയിൽ സിംഗപ്പൂരാണ് ഒന്നാമത്.
തജിക്കിസ്ഥാൻ, ചൈന, ഒമാൻ, സൗദി, ഹോങ്കോങ് എന്നിവക്ക് പിറകിലാണ് കുവൈത്ത്. നോർവേ, ബഹ്റൈൻ, യു.എ.ഇ എന്നിവയാണ് യഥാക്രമം ആദ്യ പത്തിലുള്ളത്. സ്പെയിൻ, സ്വീഡൻ, ജർമനി, യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങളേക്കാൾ ഉയർന്ന സ്ഥാനമാണ് ജി.സി.സി രാജ്യങ്ങൾ നേടിയത്. യു.എസിലെ ഗാലപ്പ് എന്ന മൾട്ടിനാഷനൽ അനലിറ്റിക്സ് ആൻഡ് അഡ്വൈസറി കമ്പനി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കഴിഞ്ഞ വർഷങ്ങളിലും ജി.സി.സി രാജ്യങ്ങൾ ഈ പട്ടികയിൽ ഉയർന്ന സ്ഥാനം നേടിയിരുന്നു. 2024ൽ ആദ്യ പത്തിൽ അഞ്ച് രാജ്യങ്ങളും ജി.സി.സിയിൽ നിന്നുള്ളവയായിരുന്നു.അതേസമയം, രാത്രിയിൽ സുരക്ഷ കുറവുള്ളത് ആഫ്രിക്കൻ രാജ്യങ്ങളിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്ക, ലെസോത്തോ, ബോട്സ്വാന, ലൈബീരിയ, ഇക്വഡോർ, ചിലി, സിംബാബ്വെ, എസ്വാറ്റിനി, മ്യാൻമർ, ചാഡ് എന്നിവയാണ് ഈ രാജ്യങ്ങൾ.