പഹൽഗാം ഭീകരാക്രമണം: ശക്തമായി അപലപിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണത്തിന്റെ ഉദ്ദേശ്യം എന്തുതന്നെയായാലും എല്ലാത്തരം ഭീകരതക്കുമെതിരെ കുവൈത്തിന്റെ അചഞ്ചലമായ നിലപാട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പ്രകടിപ്പിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആത്മാർഥ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുകയും ചെയ്തു.
ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ ആത്മാർഥ അനുശോചനം അറിയിച്ചു ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സന്ദേശം അയച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ക്ഷമയും ആശ്വാസവും നൽകാനും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനും അമീർ പ്രാർഥിച്ചു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും സംഭവത്തിൽ അനുശോചിച്ചു.
ഭീകരാക്രമണത്തിൽ ഡസൻ കണക്കിന് പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതിൽ അനുശോചനവും സഹതാപവും അറിയിയിക്കുന്നതായി ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിൽ കിരീടാവകാശി വ്യക്തമാക്കി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും അനുശോചനം അറിയിച്ച് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിന് സന്ദേശം അയച്ചു.ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് തെക്കൻ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ അക്രമികൾ വെടിയുതിർത്തത്.
ആക്രമണത്തിൽ 27 പേർ മരിച്ചതായും 20 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. കാൽനടയായോ കുതിരപ്പുറത്തോ മാത്രം എത്താവുന്ന ‘മിനി സ്വിറ്റ്സർലൻഡ്’ എന്ന് വിളിപ്പേരുള്ള പുൽമേടായ ബൈസാരനിലാണ് സംഭവം. സൈനിക വേഷം ധരിച്ച് എത്തിയവരാണ് വെടിയുതിർത്തത്.