ഗസ്സ സമാധാന കരാർ; സ്വാഗതംചെയ്ത് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ട പ്രഖ്യാപനത്തെ കുവൈത്ത് സ്വാഗതം ചെയ്തു. ഇത് മേഖലയിലെ സുരക്ഷയും സമാധാനവും ശക്തിപ്പെടുത്തും. കരാറിലെത്തുന്നതിൽ ഖത്തർ, ഈജിപ്ത്, സൗദി അറേബ്യ, യു.എസ്, തുർക്കി എന്നിവയുടെ ശ്രമങ്ങളെ കുവൈത്ത് പ്രശംസിച്ചു.
വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും പിന്തുണക്കുന്നതായും ഗസ്സയിലേക്ക് ആവശ്യമായ മാനുഷിക സഹായം ഉടനടി എത്തിക്കാൻ ഇത് അനുവദിക്കുമെന്നും കുവൈത്ത് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 1967ലെ അതിർത്തിക്കുള്ളിൽ കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം എന്ന ഫലസ്തീൻ ജനതയുടെ അവകാശത്തിനുള്ള ഉറച്ച പിന്തുണയും കുവൈത്ത് വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമസാധുത, അറബ് സമാധാന സംരംഭം, ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള ന്യൂയോർക്ക് പ്രഖ്യാപനം എന്നിവ പ്രകാരം ഇത് സാധ്യമാക്കണമെന്നും സൂചിപ്പിച്ചു. മധ്യപൂർവദേശത്ത് ശാശ്വത സമാധാനത്തിന് നീതിപൂർവവും സമഗ്രവുമായ പരിഹാരം മാത്രമാണ് വഴിയെന്നും കുവൈത്ത് ചൂണ്ടിക്കാട്ടി.