റെക്കോഡ് ഉയർച്ചയിൽ കുവൈത്ത് ദീനാർ; കോളടിച്ച് പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് ഇടിഞ്ഞതോടെ വിനിമയ നിരക്കിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഗൾഫ് കറൻസികൾ. ബുധനാഴ്ച ഒരു കുവൈത്ത് ദീനാറിന് എക്സസേഞ്ചുകളിൽ 297 ഇന്ത്യൻ രൂപക്ക് മുകളിൽ രേഖപ്പെടുത്തി. രൂപയുമായുള്ള വിനിമയ നിരക്കിൽ അടുത്തിടെ കുവൈത്ത് ദീനാറിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
ബുധനാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 91.25 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഇതാണ് ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് ഉയരാൻ കാരണമായത്. ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥയെത്തുടർന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവാങ്ങുന്നതാണ് രൂപയുടെ മൂല്യം കുത്തനെ ഇടിയാൻ പ്രധാന കാരണമായത്.
കുവൈത്ത് ദീനാറിന് സമാനമായി മറ്റ് ഗൾഫ് കൻസികളിലും ബുധനാഴ്ച ഉയർച്ച രേഖപ്പെടുത്തി. യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ കറൻസികളും ചരിത്രത്തിലെ ഉയർന്ന നിരക്കിലാണ്. നിരക്കിലെ മാറ്റം ഗൾഫ് പ്രവാസികൾക്ക് ഗുണകരമായി. ഗൾഫ് കറൻസികൾക്ക് മുമ്പത്തെക്കാൾ കൂടുതൽ രൂപ നിലവിൽ നാട്ടിൽ ലഭിക്കും.


