കെ.എഫ്.എ.ഇ.ഡി സംഭാവനയിൽ മാലദ്വീപിലെ വിമാനത്താവള വിപുലീകരണം
text_fieldsവിമാനത്താവള വിപുലീകരണ ഉദ്ഘാടന ചടങ്ങിൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസും
കെ.എഫ്.എ.ഇ.ഡി പ്രതിനിധികളും
കുവൈത്ത് സിറ്റി: സംയുക്ത അറബ് വികസന സംരംഭത്തിന്റെ ഭാഗമായി മാലദ്വീപ് തലസ്ഥാനമായ മാലെയിലെ വെലാന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതി കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് (കെ.എഫ്.എ.ഇ.ഡി) ഉദ്ഘാടനം ചെയ്തു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, കെ.എഫ്.എ.ഇ.ഡി ആക്ടിംഗ് ഡയറക്ടർ ജനറൽ വലീദ് അൽ ബഹർ, അറബ് കോഓഡിനേഷൻ ഗ്രൂപ്പിലെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
വിമാനത്താവളത്തിന്റെ വിപുലീകരണത്തിന് കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ്, സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റ്, അബുദബി ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഒപെക് ഫണ്ട് ഫോർ ഇന്റർനാഷനൽ ഡെവലപ്മെന്റ് എന്നിവ നൽകിയ ഉദാരമായ സാമ്പത്തിക സംഭാവനകൾക്ക് മാലദ്വീപ് പ്രസിഡന്റ് നന്ദി അറിയിച്ചു. സഹായം ആധുനിക പാസഞ്ചർ ടെർമിനലിന്റെ നിർമ്മാണം സാധ്യമാക്കി. ഇത് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ ലക്ഷ്യങ്ങളെ പിന്തുണക്കുകയും ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിമാനത്താവളത്തിന്റെ വിപുലീകരണത്തിന് കെ.എഫ്.എ.ഇ.ഡി 37.62 മില്യൺ ദീനാർ സംഭാവന നൽകിയതായി വലീദ് അൽ ബഹർ പറഞ്ഞു.
കുവൈത്തും മാലദ്വീപ് തമ്മിലുള്ള പങ്കാളിത്തം 1976 മുതൽ ആരംഭിച്ചതാണ്. അന്ന് ഹുൽഹുലെ വിമാനത്താവളം എന്നറിയപ്പെട്ടിരുന്ന വിമാനത്താവളത്തിന്റെ വികസനത്തിനായി കെ.എഫ്.എ.ഡി അഞ്ച് മില്യൺ യു.എസ് ഡോളറിന്റെ ആദ്യത്തെ സോഫ്റ്റ് ലോൺ നൽകിയിരുന്നു.