മുബാറക് അൽ കബീർ തുറമുഖം കരാറിൽ പ്രശംസ; പ്രധാന വികസന പദ്ധതികൾ വിലയിരുത്തി മന്ത്രിതല സമിതി
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിതലസമിതി യോഗം
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വികസന പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തി മന്ത്രിതല സമിതി. ബയാൻ പാലസിൽ നടന്ന 40ാമത് യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
മുബാറക് അൽ കബീർ തുറമുഖത്തിന്റെ ഇ.പി.സി കരാർ ഒപ്പിട്ടതിൽ കമ്മിറ്റിയുടെ പ്രവർത്തനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. കുവൈത്തിന്റെ സമഗ്ര വികസനത്തെയും പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്ന ഒരു നാഴികക്കല്ലാണിതെന്നും വിശേഷിപ്പിച്ചു.
തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കമ്മിറ്റി അംഗങ്ങളും വിവിധ സ്ഥാപനങ്ങളും തമ്മിൽ അടുത്ത ഏകോപനം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
മുബാറക് അൽ കബീർ തുറമുഖം, ഊർജ സംവിധാന സഹകരണം, പുനരുപയോഗ ഊർജ വികസനം, കുറഞ്ഞ കാർബൺ ഹരിത മാലിന്യ പുനരുപയോഗം, ഭവനവികസനം, പരിസ്ഥിതി അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ പുരോഗതി റിപ്പോർട്ടുകൾ യോഗം അവലോകനം ചെയ്തതായി ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും കമ്മിറ്റി റിപ്പോർട്ടറുമായ അംബാസഡർ സമിഹ് ജവഹർ ഹയാത്ത് പറഞ്ഞു.
മലിനജല സംസ്കരണ സൗകര്യങ്ങൾ, പരിസ്ഥിതി സംരക്ഷണം, മരുഭൂമീകരണത്തിനെതിരായ പോരാട്ടം എന്നിവയും ചർച്ചകളിൽ ഉൾപ്പെട്ടതായും കൂട്ടിച്ചേർത്തു.
യോഗത്തിൽ പ്രധാനമന്ത്രിയുടെ ദിവാൻ മേധാവി അബ്ദുൽ അസീസ് അൽ ദഖീൽ, പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ്, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മെഷാൻ, മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുൽതീഫ് അൽ മിഷാരി, കെ.ഡി.ഐ.പി.എ ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ്, ഫത്വ, നിയമനിർമാണ വകുപ്പ് മേധാവി കൗൺസിലർ സലാഹ് അൽ മജീദ്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ആദിൽ അൽ സമീൽ എന്നിവരും പങ്കെടുത്തു.


