Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightഒരു നന്മയും ചെറുതല്ല

ഒരു നന്മയും ചെറുതല്ല

text_fields
bookmark_border

എല്ലാ നന്മകളും മൂല്യമുള്ളവയാണ്, അവ എത്ര ചെറുതാണെങ്കിലും. ഒരു നന്മയെ അംഗീകരിക്കുന്നത് അത് ചെയ്തയാൾക്കുള്ള അംഗീകാരം കൂടിയാണ്. നന്മയിൽ പരസ്പരം സഹകരിക്കണമെന്ന് ഖുർആൻ കൽപ്പിക്കുന്നു. “നന്മയുടേതും ദൈവഭക്തിയുടേതുമായ കാര്യങ്ങളിലൊക്കെയും നിങ്ങള്‍ എല്ലാവരോടും സഹകരിക്കേണ്ടതാകുന്നു. പാപകരവും അതിക്രമപരവുമായ കാര്യങ്ങളില്‍ ആരോടും സഹകരിക്കാവതുമല്ല”. സദുദ്ദേശത്തോടെ ആര് നന്മകൾ ചെയ്താലും അതിനോട് നിസ്സഹകരിക്കുന്ന നിലപാട് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച് സഹകരണത്തിന്റെ സാധ്യതകളുണ്ടെങ്കിൽ അതിനാണ് മുൻഗണന നൽകേണ്ടത്.

ചെറിയ സഹായങ്ങൾ, സ്നേഹ വാക്കുകൾ, ചെറുപുഞ്ചിരി, ദാനം, അറിവ് പകരൽ, ബുദ്ധിമുട്ടുകൾ ലഘൂകരിക്കൽ, ഇരിക്കാൻ ഇടം നൽകൽ, വിശക്കുന്നവന് ആഹാരം നൽകൽ, വഴിയിൽ നിന്ന് ഉപദ്രവങ്ങൾ നീക്കൽ പോലെയുള്ള സാധ്യമായ എല്ലാ നന്മകളും മൂല്യമുള്ളവയാണ്. മറ്റൊരാളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുന്ന, മനസ്സിൽ സന്തോഷം നിറയ്ക്കുന്ന, ജീവിതത്തിൽ നല്ല ഫലങ്ങളുണ്ടാക്കുന്ന ഏതൊരു പ്രവർത്തിയും അല്ലാഹുവിന്റെ മുമ്പിൽ വലിയ വില കൽപ്പിക്കപ്പെടുന്ന നന്മകളാണ്. പ്രവാചകൻ പറഞ്ഞു: “ഒരു നന്മയെയും ചെറുതായി കാണരുത്; തന്റെ സഹോദരനെ പ്രസന്ന വദനനായി അഭിമുഖീകരിക്കുന്നതുപോലും ഒരു നന്മയാണ്”.

ജീവിതത്തിൽ എപ്പോഴും വലിയ പ്രവർത്തികൾ ചെയ്യാൻ സാധിക്കണമെന്നില്ല. എന്നാൽ ചെറിയ നന്മകൾ ചെയ്യാനുള്ള അവസരങ്ങൾ ധാരാളം ലഭിക്കുകയും ചെയ്യുന്നു. വ്യക്തിപരമായ സൽപ്രവർത്തനങ്ങൾ മാത്രമല്ല, സാമൂഹികവും കുടുംബപരവുമായിട്ടുള്ള നന്മകളുടെയും സഹകരണത്തിന്റെയും വിശാല മേഖലകൾ ഉണ്ട്. കൂട്ടായ്മകൾ തമ്മിലും സമുദായങ്ങൾ തമ്മിലും അഭിപ്രായ വ്യത്യാസങ്ങൾക്കതീതമായി പൊതുനന്മകളിൽ സഹകരണം ഉണ്ടാവേണ്ടതുണ്ട്.

നന്മയുടെ വാതിലുകൾ തുറക്കപ്പെടുന്ന കാലമാണ് റമദാൻ. അണുഅളവ് നന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അത് കർമ്മ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെടും. പരലോക വിജയത്തിന് കാരണമാകുന്ന കാര്യങ്ങളാണ് നന്മകൾ എന്നത് ഖുർആൻ നൽകുന്ന ഉറപ്പ്.

Show Full Article
TAGS:gulfnewsmalayalam gulfnews Kuwait 
News Summary - No good deed is too small
Next Story