ഉപവാസ സമയത്തെ പോഷകാഹാര നുറുങ്ങുകൾ
text_fieldsമികച്ച ആരോഗ്യം നിലനിർത്തുന്നതിന് നോമ്പ് സമയത്ത് ആഹാര വസ്തുക്കളിലും ശ്രദ്ധവേണം. ചില ഭക്ഷണങ്ങൾ ഒഴിവാക്കാനും. ശരീരത്തിന് ആവശ്യമായവ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ശ്രദ്ധയും ആവശ്യമാണ്. പോഷകാഹാരങ്ങൾ ഇതിൽ പ്രധാനമാണ്. ആവശ്യമായ വ്യായാമത്തിനും വിശ്രമത്തിനും നോമ്പുകാലത്ത് സമയം കണ്ടെത്താം. ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
ദിവസവും പിറ്റാ ബ്രെഡ് കഴിക്കുന്നത് ഒഴിവാക്കുക
നോമ്പ് തുറക്കുമ്പോഴും അല്ലാത്തപ്പോഴും ദിവസവും പിറ്റാ ബ്രെഡ് കഴിക്കുന്നത് ഒഴിവാക്കണം. ഇതിന്റെ അളവ് മിതമാക്കുകയും പകരം ധാന്യ ഉൽപന്നങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്യാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കും.
സുഹൂർ ഒഴിവാക്കരുത്
സുഹൂർ കഴിക്കുന്നത് ഒരുകാരണവശാലും ഒഴിവാക്കരുത്. പാൽ, മുട്ട, ചീസ് തുടങ്ങിയ ദഹിക്കാൻ എളുപ്പമുള്ള പ്രോട്ടീനുകൾ അത്താഴത്തിൽ ഉൾപ്പെടുത്തുക. പഴങ്ങളും ഇലവർഗങ്ങളും പച്ചകറികളും അത്താഴത്തിൽ ഉൾപ്പെടുത്താം. ധാന്യ ബ്രെഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.
ഇഫ്താർ ഭക്ഷണം രണ്ടുഘട്ടങ്ങളാക്കാം
ഇഫ്താർ ഭക്ഷണം രണ്ടുഘട്ടങ്ങളാക്കി കഴിക്കുന്നതാണ് ഗുണകരം. വെള്ളവും പഴങ്ങളും ഉപയോഗിച്ച് നോമ്പ് തുറക്കാം. തുടർന്ന് സൂപ്പോ മറ്റോ കഴിച്ച് 15-20 മിനിറ്റ് കഴിഞ്ഞ് പ്രധാന ഭക്ഷണം കഴിക്കാം. ദഹന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ഇഫ്താറിനും അത്താഴത്തിനും ഇടയിൽ 10-15 ഗ്ലാസ് വെള്ളം കുടിക്കുക. ചായയും കാപ്പിയും കഴിക്കുന്നത് പരിമിതപ്പെടുത്തുക.
ഭക്ഷണം കഴിച്ച ഉടനെ വ്യായാമം വേണ്ട
നോമ്പു കാലത്തും ചെറിയ രൂപത്തിലുള്ള വ്യായാമങ്ങളിൽ ഏർപ്പെടാം. എന്നാൽ കഠിനമായ വ്യായാമവും നല്ലതല്ല. നടത്തം മുടക്കാതിരിക്കുന്നത് നല്ലതാണ്. എന്നാൽ ഇത് ഭക്ഷണം കഴിച്ച ഉടനെ ആകരുത്. ഭക്ഷണം കഴിച്ചതിന് ശേഷം കുറഞ്ഞത് 30 മിനിറ്റെങ്കിലും കഴിഞ്ഞായിരിക്കണം വ്യായാമത്തിൽ ഏർപ്പെടൽ.