കന്നുകാലി ഫാമുകളിൽ കുളമ്പുരോഗം; കർഷകർ ജാഗ്രത പാലിക്കണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കുളമ്പുരോഗ കേസുകൾ വർധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് (പി.എ.എ.എ.എഫ്.ആർ) വ്യക്തമാക്കി. ചില ഫാമുകളിലെ നിരവധി പശുക്കളിൽ ഇതിന്റെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്.
അതോറിറ്റിയുടെ ലബോറട്ടറികളിലെ സാമ്പിൾ പരിശോധനയിൽ നിന്നാണ് അണുബാധ കണ്ടെത്തുകയും സ്ഥിരീകരിക്കുകയും ചെയ്തതെന്ന് പി.എ.എ.എ.എഫ്.ആർ അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ സാലിം അൽ ഹായ് പറഞ്ഞു. സ്ഥിരീകരണത്തിനായി നിരവധി സാമ്പിളുകൾ റഫറൻസ് ലബോറട്ടറികളിലേക്ക് അയച്ചതായും വ്യക്തമാക്കി.
രോഗത്തിന്റെ വ്യാപനം നിയന്ത്രിക്കാൻ അതോറിറ്റി അക്ഷീണം പ്രവർത്തിച്ചുവരികയാണ്. മെഡിക്കൽ ജീവനക്കാർ പൂർണമായി രംഗത്തുണ്ട്. വാക്സിൻ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുമെന്നും അൽ ഹായ് കന്നുകാലി കർഷകർക്ക് ഉറപ്പ് നൽകി. കുളമ്പുരോഗത്തിനുള്ള വാക്സിൻ അടുത്ത മാസം ആദ്യം എത്തുമെന്നും സൂചിപ്പിച്ചു. മൃഗങ്ങളുടെ വായിലും കാലുകളിലുമാണ് അണുബാധ ഉണ്ടാകുന്നത്.
കൂടുതലും പശുക്കളെയും ചെമ്മരിയാടുകളെയും ആടുകളെയും ബാധിക്കുന്ന രോഗങ്ങളിൽ ഒന്നാണ് ഇത്. രോഗം നിയന്ത്രിക്കുന്നതിനും, രോഗബാധിതരായ കന്നുകാലികളിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും, പശുക്കളുടെയും കന്നുകാലികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കാൻ കർഷകരോട് അദ്ദേഹം ആവശ്യപ്പെട്ടു. പാൽ ഉൽപാദനത്തിലെ കുറവിന് രോഗം കാരണമാകും. അതേസമയം, മാംസത്തിന്റെയും പാലുൽപ്പന്നങ്ങളുടെയും ഉപഭോക്താക്കളുടെ ആരോഗ്യത്തെ ഈ രോഗം ബാധിക്കില്ല. ആശങ്കയില്ലാതെ മാംസം കഴിക്കാമെന്നും സാലിം അൽ ഹായ് വ്യക്തമാക്കി.