വടക്കൻ സാമ്പത്തിക മേഖല പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് വടക്കൻ സാമ്പത്തിക മേഖല പ്രോജക്ട് ടീം യോഗത്തിൽ
കുവൈത്ത് സിറ്റി: വടക്കൻ സാമ്പത്തിക മേഖല പ്രോജക്ട് ടീം യോഗം ചൊവ്വാഴ്ച ബയാൻ പാലസിൽ നടന്നു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷതവഹിച്ചു. യോഗത്തിൽ വടക്കൻ സാമ്പത്തിക മേഖലയുടെ വികസന നടപടികൾ അവലോകനം ചെയ്തു.
വ്യവസായിക, വാണിജ്യ, ടൂറിസം പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനങ്ങൾ, സ്വകാര്യ മേഖലയുടെ പങ്കാളിത്തം എന്നിവയും വിലയിരുത്തി. കുവൈത്തിന്റെ പരമാധികാരത്തിന് കീഴിൽ സുതാര്യവും നിക്ഷേപ സൗഹൃദപരവുമായ ഒരു മാതൃക സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ നിയമ ചട്ടക്കൂടും ചർച്ചകളിൽ വന്നു.
പ്രധാനമന്ത്രിയുടെ ദിവാൻ മേധാവി അബ്ദുൽ അസീസ് അൽ ദഖീൽ, മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുല്ല അൽ മിഷാരി, വടക്കൻ സാമ്പത്തിക മേഖല പ്രോജക്ട് ടീമിലെ വിദഗ്ധർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


