നൂറു കൊല്ലം മരിച്ചു കിടന്ന മനുഷ്യൻ
text_fieldsമരണാനന്തരം മറ്റൊരു ജീവിതമുണ്ട് എന്നത് ഇസ്ലാം പഠിപ്പിക്കുന്ന അടിസ്ഥാന വിശ്വാസ കാര്യങ്ങളിലൊന്നാണ്. അവിടെ വെച്ചാണ് മനുഷ്യന്റെ ഇഹലോക ജീവിത പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്നതും അതിനനുസരിച്ച് രക്ഷാ ശിക്ഷകൾ നൽകപ്പെടുന്നതും.
എന്നാൽ മരണശേഷം വീണ്ടും ഒരു ജീവിതമുണ്ടാവുക എന്നത് അസംഭവ്യമാണ് എന്നാണ് അവിശ്വാസികളും ബഹുദൈവ വിശ്വാസികളും വാദിച്ചിരുന്നത്.
മരണശേഷം ഇവിടെ വെച്ച് തന്നെ മനുഷ്യനെ വീണ്ടും ജീവിപ്പിച്ച സംഭവങ്ങൾ വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്. ദൈവത്തിന്റെ ദൃഷ്ടാന്തമായി മരിച്ചവരെ ജീവിപ്പിച്ചു കാണിച്ചു കൊടുത്ത മറിയമിന്റെ പുത്രൻ യേശുവിന്റെ ചരിത്രവും 300 കൊല്ലത്തോളം ഉറങ്ങിക്കിടന്ന ശേഷം ജീവിപ്പിക്കപ്പെട്ട ഗുഹാവാസികളുടെ കഥയും ഖുർആൻ നമുക്ക് പറഞ്ഞു തരുന്നുണ്ട്.
മരിച്ചവരെ ജീവിപ്പിക്കുക എന്നത് ദൈവത്തെ സംബന്ധിച്ചിടത്തോളം പ്രയാസകരമോ അസംഭവ്യമോ ആയ ഒരു കാര്യമല്ല എന്ന് അല്ലാഹു പഠിപ്പിക്കുന്നു. അല്ലാഹു മനുഷ്യരെ ഓർമപ്പെടുത്തുന്ന മറ്റൊരു ഉദാഹരണം നമുക്കിങ്ങനെ വായിക്കാം.
അല്ലെങ്കിലിതാ മറ്റൊരു ഉദാഹരണം. തകര്‍ന്ന് കീഴ്മേല്‍ മറിഞ്ഞുകിടക്കുന്ന ഒരു പട്ടണത്തിലൂടെ സഞ്ചരിക്കാനിടയായ ഒരാള്‍. അയാള്‍ പറഞ്ഞു- ‘നിര്‍ജീവമായിക്കഴിഞ്ഞശേഷം ഇതിനെ അല്ലാഹു എങ്ങനെ ജീവിപ്പിക്കാനാണ്?’ അപ്പോള്‍ അല്ലാഹു അയാളെ നൂറുകൊല്ലം ജീവനറ്റ നിലയിലാക്കി.
പിന്നീട് ഉയിര്ത്തെഴുന്നേല്പിച്ചു. അല്ലാഹു ചോദിച്ചു: ‘നീ എത്രകാലം ഇങ്ങനെ കഴിച്ചുകൂട്ടി?’ അയാള്‍ പറഞ്ഞു: ‘ഒരു ദിവസം; അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ ഏതാനും ഭാഗം’ അല്ലാഹു പറഞ്ഞു: ‘അല്ല, നീ നൂറ് കൊല്ലം ഇങ്ങനെ കഴിച്ചുകൂട്ടിയിരിക്കുന്നു.
നീ നിന്റെ അന്നപാനീയങ്ങള്‍ നോക്കൂ. അവയൊട്ടും വ്യത്യാസപ്പെട്ടിട്ടില്ല. എന്നാല്‍ നീ നിന്റെ കഴുതയെ ഒന്ന് നോക്കൂ. നിന്നെ ജനത്തിന് ഒരു ദൃഷ്ടാന്തമാക്കാനാണ് നാമിങ്ങനെയെല്ലാം ചെയ്തത്. ആ എല്ലുകളിലേക്ക് നോക്കൂ.
നാം അവയെ എങ്ങനെ കൂട്ടിയിണക്കുന്നുവെന്നും പിന്നെ എങ്ങനെ മാംസം കൊണ്ട് പൊതിയുന്നുവെന്നും’. ഇങ്ങനെ സത്യം വ്യക്തമായപ്പോള്‍ അയാള്‍ പറഞ്ഞു- ‘അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണെന്ന് ഞാനറിയുന്നു’(വിശുദ്ധ ഖുർആൻ 2:259).