മരുഭൂമിയിൽ രഹസ്യ മയക്കുമരുന്ന് നിർമാണ കേന്ദ്രം; പ്രതികൾ പിടിയിൽ
text_fieldsപ്രതികളും പിടിച്ചെടുത്ത ലഹരി വസ്തുക്കളും
കുവൈത്ത് സിറ്റി: സൽമി മരുഭൂമിയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് നിർമാണ കേന്ദ്രം അധികൃതർ കണ്ടെത്തി പ്രതികളെ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാൾ നിലവിൽ സെൻട്രൽ ജയിലിൽ മയക്കുമരുന്ന് കടത്തിന് ജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ക്യാമ്പിൽ നടത്തിയ പരിശോധനയിൽ 40 കിലോഗ്രാം രാസവസ്തുക്കൾ, 60 കിലോ ലിറിക്ക പൗഡർ, എട്ടു കിലോ മരിജുവാന, 500 ഗ്രാം ഹഷീഷ് ഉൾപ്പെടെ വലിയ തോതിൽ നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു. മയക്കുമരുന്ന് തയാറാക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള ഉപകരണങ്ങളും സ്ഥലത്ത് കണ്ടെത്തി.
മയക്കുമരുന്ന് വ്യാപനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറിയിച്ചു.


