ഷുവൈഖ് ബീച്ച് ഇനി വേറെ ലെവൽ; ഉദ്ഘാടനം നാളെ
text_fieldsകുവൈത്ത് സിറ്റി: മനോഹരമായി അണിഞ്ഞൊരുങ്ങിയ ഷുവൈഖ് ബീച്ച് ഉദ്ഘാടനം ബുധനാഴ്ച. നാഷനൽ ബാങ്ക് ഓഫ് കുവൈത്തിന്റെ മൂന്ന് ദശലക്ഷം ദീനാർ സംഭാവനയോടെ വികസിപ്പിച്ചെടുത്ത പദ്ധതി 1.7 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്നതാണ്.
കായിക ഇടങ്ങൾ, വിനോദ മേഖലകൾ, വിശാലമായ ഹരിത ഇടങ്ങൾ, പള്ളി, വിശ്രമമുറികൾ, വാണിജ്യ കിയോസ്കുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭാവിയിൽ കിയോസ്കുകൾ, എ.ടി.എമ്മുകൾ എന്നിവ സ്ഥാപിക്കാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്.
ഇന്ററാക്ടീവ് ഗെയിം, വിശാലമായ പുൽത്തകിടികൾ, ബഹുമുഖ ആവശ്യങ്ങൾക്കുള്ള ഗ്രൗണ്ടുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ബീച്ചിൽ സന്ദർശകർക്കായി മരം കൊണ്ടുള്ള ബെഞ്ചുകൾ സജ്ജമാണ്.
ഹരിത ഇടങ്ങൾ, മരങ്ങൾ, വിശ്രമ സ്ഥലങ്ങൾ എന്നിവയുള്ള മനോഹര പൂന്തോട്ടവും ഇവിടെയുണ്ട്. പൊതു ഇടങ്ങൾ മെച്ചപ്പെടുത്തൽ, ജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ എന്നിവയുടെ ഭാഗമായാണ് ഈ പദ്ധതിയെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി.