‘സിങ് കുവൈത്ത്’; പാട്ടിന്റെ പതിനാലാം രാവുദിച്ച രാത്രി
text_fieldsപ്രമുഖ ഗായകരായ ജ്യോത്സ്ന, കണ്ണൂർ ഷരീഫ്, സിജു സിയാൻ എന്നിവർ വേദിയിൽ
കുവൈത്ത് സിറ്റി: മലയാളത്തിലെ നിത്യഹരിത ഗാനങ്ങളുമായി പിന്നണി ഗായിക ജ്യോത്സ്നയും കണ്ണൂർ ഷരീഫും സിജു സിയാനും വേദി നിറഞ്ഞ ‘സിങ് കുവൈത്ത്’ കുവൈത്തിന് അവിസ്മരണീയ ഗാനസന്ധ്യയായി.
മലയാളി മൂളിനടക്കുന്ന പാട്ടുകൾ വേറിട്ട ശൈലിയിൽ തനിമ ചോരാതെ വേദിയിലെത്തിയപ്പോൾ ആസ്വാദകരുടെ ഉള്ളിലും പാട്ടിന്റെ മധുരം നിറഞ്ഞു. കേട്ട് മതിവരാത്ത ഇഷ്ട ഗാനങ്ങള് സദസ്സും ഗായകരോടൊപ്പം ഏറ്റുപാടി.
പ്രവാസികളുടെ വിരഹവും നൊമ്പരവും പാട്ടിലൂടെ നിറഞ്ഞൊഴുകിയ ‘അറബ് പറയണ നാട്ടിലാണെനിക്ക് ജോലീ...അകലെ മാമല നാട്ടിലാണെൻ മുത്തു ബീവീ’, പ്രണയ-നൊമ്പരങ്ങളുടെ നിത്യഹരിത പാട്ടായ അഴലിന്റെ ആഴങ്ങളിൽ എന്നിവയോടെ കണ്ണൂർ ഷരീഫ് തുടക്കമിട്ട പാട്ടുൽസവം ആസ്വാദകരെ തുടക്കത്തിലേ കയ്യിലെടുത്തു.
ഖൽബിലൊരപ്പന പാട്ടുണ്ടേ, കസവിന്റെ തട്ടമിട്ട്, പതിനാലാം രാവുദിച്ചത് മാനത്തോ, ആ ഒരുത്തി ആളൊരുത്തി എന്നീ ജനപ്രിയ ഗാനങ്ങളും, ദറജപ്പൂ മോളല്ലേ, മിസ്റിലെ രാജൻ എന്നീ ജനപ്രിയ മാപ്പിളപാട്ടുകളും കണ്ണൂർ ഷരീഫ് ആലപിച്ചു.
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് എന്ന എറെ ശ്രദ്ധിക്കപ്പെട്ട സ്വന്തം പാട്ടുമായി ജ്യോത്സ്ന വേദിയിലെത്തിയപ്പോൾ സദസ്സും സുന്ദര നിലാവിന്റെ പാട്ടുസുഗന്ധത്തിലലിഞ്ഞു.ജ്യോത്സ്നയുടെ സ്വന്തം പാട്ടായ കറുപ്പിനഴകിനൊപ്പം സദസ്സും ഇളകി മറിഞ്ഞു. കണ്ണാൻ തുമ്പി പോരാമോ, താനെ തിരിഞ്ഞും മറിഞ്ഞും എന്നിവയും മനസകമിൽ മുഹബ്ബത്ത് തെളിഞ്ഞു എന്നിവയും ജ്യോത്സ്നയുടെ ശബ്ദത്തിൽ കുവൈത്ത് കേട്ടു.
കലാഭവൻ മണിയുടെ ജനപ്രിയ പാട്ടുകളും, കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം എന്നിവയുമായി സിജു സിയാനും വേദിയിലെത്തി.
കണ്ണൂർ ഷരീഫും ജ്യേത്സ്നയും ചേർന്ന് അവതരിപ്പിച്ച ‘വെണ്ണില ചന്ദന കിണ്ണം’ കുട്ടിക്കാലത്തിന്റെ ഗൃഹാതുരതയുടെ ഓർമയിലേക്കുള്ള തിരിച്ചുനടത്തലായി. താരാപഥം ചേതോഹരം, തമ്മാതമ്മാ തെമ്മാടി കാറ്റേ എന്നിയും ആഘോഷത്തെ പാട്ടിന്റെ ലഹരിയിലെത്തിച്ചു.


