Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫുട്ബാൾ ഡയറി - ഒരു...

ഫുട്ബാൾ ഡയറി - ഒരു അർജന്റീന ആരാധകന്റെ ഫുട്ബാൾ ജീവിതങ്ങൾ...

text_fields
bookmark_border
ഫുട്ബാൾ ഡയറി - ഒരു അർജന്റീന ആരാധകന്റെ ഫുട്ബാൾ ജീവിതങ്ങൾ...
cancel

2002-ലെ ലോകകപ്പിൽ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതോടെ ദിവസത്തോളം ആരെയും കാണാതെ ഒളിച്ചുനടക്കേണ്ടി വന്നു. കഴിഞ്ഞ തവണ മെസി കപ്പ് ഉയർത്തിയതോടെയാണ് ഈ നാണക്കേട് നീങ്ങിയത്

ഇരുപത് വർഷത്തെ പ്രവാസജീവിതത്തിനിടയിൽ പല ലോകകപ്പുകളും കടന്നുപോയെങ്കിലും, നാട്ടിലായിരിക്കുമ്പോൾ ലഭിക്കുന്ന ആവേശം വാക്കുകൾക്കപ്പുറമാണ്.

കഴിഞ്ഞ അഞ്ച് ലോകകപ്പുകളും കുവൈത്തിലെ പ്രവാസത്തിനിടയിലാണ് കണ്ടുതീർത്തത്. എന്നാൽ ഇത്തവണ സ്വന്തം മണ്ണിലിരുന്ന് മത്സരം കാണാൻ സാധിക്കുന്നത് ആവേശം ഇരട്ടിപ്പിക്കുന്നു. 2002-ലെ കൊറിയ-ജപ്പാൻ ലോകകപ്പിന് ശേഷം ആദ്യമായാണ് ഇത്തരമൊരു അവസരം. പഠനകാലത്ത് ഉപ്പയുടെ അനിയനൊപ്പം വലിയങ്ങാടിയിലെ കടയിൽ നിൽക്കുമ്പോൾ, അടുത്തുള്ള ഹൽവ ബസാറിലെ ടൈലർ ഷോപ്പിൽ നിന്ന് കൊടി തയ്പ്പിച്ച്, ബേപ്പൂരിൽ ആദ്യമായി അർജന്റീനയുടെ പതാക ഉയർത്തിയതാണ് ഫുട്ബാൾ കാലത്തെ പഴയ ഓർമ്മ. അന്ന് ഞങ്ങളുടെ 'കോസ്കോ' ഫുട്ബാൾ ക്ലബ്ബിൽ കൂടുതലും അർജന്റീന-ബ്രസീൽ ആരാധകരായിരുന്നു. ഞാൻ അർജന്റീനയുടെ കൊടി ഉയർത്തിയതോടെ, ബ്രസീൽ ആരാധകരും, ഫിഗോയുടെ പോർച്ചുഗൽ ആരാധകരും കൊടികളുമായി രംഗത്തിറങ്ങി.

ഓരോ ടീമുകളുടെയും കളിമേൻമകളെ കുറിച്ച ചർച്ചകളും തർക്കങ്ങളുമായി. നാട് ശരിക്കും ഫുട്ബാൾ ലഹരിയിലായി. സൗഹൃദങ്ങളുടെ ആ കാലത്തിന് പ്രത്യേക ഭംഗിയുണ്ടായിരുന്നു.

2002-ലെ ലോകകപ്പ് നൽകിയത് കയ്പേറിയ ഓർമ്മകളാണ്. ദ്വീപുകാരനായ സുഹൃത്ത് ഖുറേഷിയുടെ വീടായിരുന്നു അന്നത്തെ ഞങ്ങൾ കോസ്കോ ഫ്രണ്ട്സിന്റെ താവളം. കളി കാണലും വിശേഷങ്ങൾ പങ്കുവെക്കലും എല്ലാം അവിടെ വെച്ചായിരുന്നു. അർജന്റീനയുടെ വലിയ ആരാധകനായിരുന്ന ഞാൻ അന്ന് പല വെല്ലുവിളികളും ഉയർത്തിയിരുന്നു.

എന്നാൽ മരണഗ്രൂപ്പിൽ പെട്ട അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതോടെ നേരിടേണ്ടി വന്നത് കടുത്ത പരിഹാസങ്ങൾ. ടീമിന്റെ പരാജയം ആഘോഷിക്കാൻ സുഹൃത്തുക്കൾ വീട്ടിലെത്തി, ഞാൻ ഉയർത്തിയ കൊടി മുറിച്ചുനശിപ്പിച്ചു. തോൽവിയിൽ മനംനൊന്ത്, സുഹൃത്തുക്കളുടെ കളിയാക്കലുകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ മൂന്ന് ദിവസത്തോളം ആരെയും കാണാതെ ഒളിച്ചുനടക്കേണ്ടി വന്ന ആ കാലം ഇന്നും ഓർമയിലുണ്ട്. കഴിഞ്ഞ തവണ മെസി കപ്പ് ഉയർത്തിയതോടെയാണ് ഈ നാണക്കേട് നീങ്ങിയത്.

ഇത്തവണ നാട്ടിൽ ആയതിനാൽ പഴയ ഓർമ്മകൾ തിരികെ നൽകുന്ന കാഴ്ചകളാണ് നാടെങ്ങും. ഫ്ലെക്സുകളും തോരണങ്ങളും കൊണ്ട് നിറഞ്ഞ് നാട് പഴയതിനേക്കാൾ വർണ്ണാഭമാണ്.

കവലകൾ തോറും ബിഗ് സ്ക്രീനുകൾ ഒരുക്കാൻ ആരാധകർ മത്സരിക്കുന്നു. അർജന്റീനയും ബ്രസീലും പ്രധാന ടീമുകളാണെങ്കിലും, ക്രിസ്റ്റ്യാനോയുടെ പോർച്ചുഗൽ, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട് ആരാധകരും ഒട്ടും പിറകിലല്ല. എല്ലാവരും ഒത്തുചേരുമ്പോൾ നാട്ടിലിത്തവണ വലിയൊരു ഫുട്ബാൾ കാർണിവൽ തന്നെയാണ് നടക്കാൻ പോകുന്നത്.

പഴയ സുഹൃത്തുക്കൾക്കും പുതിയ തലമുറക്കുമൊപ്പം ഈ ആവേശം പങ്കിടുന്നതിനേക്കാൾ വലിയ സന്തോഷമില്ല.

Show Full Article
TAGS:Kuwait gulfnewsmalayalam gulfnews 
News Summary - The football life of an Argentine fan...
Next Story