Begin typing your search above and press return to search.
exit_to_app
exit_to_app
കിട്ടാതെ പോയ സദ്യയും മധുരമുള്ള ഓർമ്മകളും...
cancel

കുവൈത്തിൽ എത്തിയ ആദ്യകാലം. 2007-ലെ ഒരു ഓണക്കാലം. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ മനസ്സിൽ ഒരു ചെറിയ മോഹം, ഒരു ഓണസദ്യ ഉണ്ണണം. നാട്ടിലെ ഓണത്തിന്റെ ഗന്ധവും രുചിയും ഓർമ്മകളുമൊക്കെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കാലം. ഇന്നത്തെ പോലെ കുവൈത്തിലെ മലയാളി ഹോട്ടലുകളിൽ ഓണസദ്യയുടെ ആഘോഷങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. സ്വന്തം മുറിയിൽ ഒരു സദ്യ ഒരുക്കാനുള്ള പാചകവൈദഗ്ധ്യമുള്ള സഹമുറിയന്മാരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു ഓണസദ്യ തേടിയുള്ള അന്വേഷണമായി പിന്നെ.

ഇന്നത്തെ പോലെ ഫേസ്ബുക്കും വാട്ട്സ്ആപ്പും സജീവമായിരുന്നില്ല. സോഷ്യൽ മീഡിയ എന്നത് പ്രവാസിയുടെ ജീവിതത്തിൽ വലിയ സാന്നിധ്യമാകാത്ത കാലം. എന്തെങ്കിലും വിവരം അറിയണമെങ്കിൽ ആളുകളോട് നേരിട്ട് ചോദിക്കണം. ഇൻകമിംഗ് കോളിനുപോലും പണം ചെലവാകുന്ന കാലമായിരുന്നു അത്.

അങ്ങനെ ഒരാഴ്ചയോളം പലരോടും അന്വേഷിച്ചു. എവിടെയെങ്കിലും ഓണസദ്യയുണ്ടോ എന്നറിയാൻ പല വഴികളും നോക്കി. പക്ഷേ, സദ്യ മാത്രം കിട്ടിയില്ല! പിന്നീടാണ് അബ്ബാസിയയിലെ ചില സ്ഥലങ്ങളിൽ ഓണസദ്യയുണ്ടായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞത്. പക്ഷേ അപ്പോഴേക്കും ഓണം കടന്നുപോയിരുന്നു. അങ്ങനെ, ഒരു ഓണസദ്യ കഴിക്കണമെന്ന മോഹം ബാക്കിയാക്കി പിന്നെയും കുറേ ഓണങ്ങൾ കൂടി കടന്നുപോയി.

2010-ലാണ് ഒടുവിൽ കുവൈത്തിൽ നിന്ന് ആദ്യമായി ഒരു ഓണസദ്യ കഴിക്കുന്നത്. നാട്ടിൽ സുഹൃത്തുക്കളുടെ വീടുകളിൽ നിന്ന് ഓണസദ്യ കഴിച്ചിട്ടുണ്ടെങ്കിലും, ഒരു ഹോട്ടലിൽ ഇരുന്ന് കഴിച്ച ആദ്യ ഓണസദ്യ അതായിരുന്നു. പിന്നീട് കുടുംബം കുവൈത്തിൽ എത്തിയപ്പോൾ ഓണസദ്യ വീട്ടിൽ തന്നെ ഒരുക്കി. നാട്ടിലെ ഓണത്തിന്റെ രുചി പ്രവാസത്തിന്റെ മണ്ണിലും പുനഃസൃഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടുള്ള കുറേ നല്ല ഓർമ്മകൾ. പിന്നീട് കുവൈത്തിലെ ഓണം തന്നെ മാറുകയായിരുന്നു. പ്രത്യേകിച്ച് 2014-ന് ശേഷം. ഒരുകാലത്ത് കിട്ടാക്കനിയായിരുന്നു ഓണസദ്യ. പിന്നീട് ഓണസദ്യകളുടെ ഘോഷയാത്രയായി. രണ്ടും മൂന്നും മാസം നീണ്ടുനിൽക്കുന്ന കുവൈത്തിലെ പ്രവാസി സംഘടനകളുടെ ഓണസംഗമങ്ങൾ, മലയാളി ഹോട്ടലുകളുടെ വർധന, സോഷ്യൽ മീഡിയയുടെ സജീവമായ ഇടപെടൽ എല്ലാം കൂടി കുവൈത്തിലെ ഓണത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി.

ഒരുകാലത്ത് ഒരു സദ്യയ്ക്കായി ഒരാഴ്ച അന്വേഷിച്ചിരുന്നിടത്ത്, പിന്നീട് ഒരു ഓണക്കാലത്ത് തന്നെ പത്തോളം സദ്യകൾ കഴിക്കുന്ന അവസ്ഥയിലായി. കാലം എത്ര പെട്ടെന്നാണ് മാറിപ്പോയത്! ഒരിക്കൽ ഓണസദ്യ കിട്ടുമോ എന്നറിയാതെ കുവൈത്തിന്റെ പല കോണുകളിലും അന്വേഷിച്ചു നടന്ന ഞാൻ, പിന്നീട് സദ്യകളുടെ ക്ഷണക്കത്തുകൾ ഏത് സ്വീകരിക്കണം എന്ന ആശയക്കുഴപ്പത്തിലായി.

എന്നാൽ ആ മാറ്റങ്ങൾക്കിടയിലും 2007-ലെ ആ ഓണക്കാലം മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു. കാരണം, ചില ആഗ്രഹങ്ങൾ സാധിച്ചുകിട്ടുമ്പോഴല്ല അവയുടെ വില മനസ്സിലാകുന്നത്. കിട്ടാതെ പോയ ആഗ്രഹങ്ങളാണ് പലപ്പോഴും ഓർമ്മകളിൽ ഏറ്റവും മധുരമായി അവശേഷിക്കുന്നത്.

ഇന്ന് ഓണസദ്യയുടെ വിഭവങ്ങൾ മുന്നിൽ നിരന്നിരിക്കുമ്പോൾ, മനസ്സിൽ ആദ്യം വരുന്നത് ആ പഴയ ഓണക്കാലമാണ്. ഒരു സദ്യയ്ക്കുവേണ്ടി കുവൈത്തിന്റെ വഴികളിലൂടെ അന്വേഷണം നടത്തിയിരുന്ന ആ കാലം. അന്ന് കിട്ടാതെ പോയ ഒരു ഓണസദ്യയുടെ രുചി, പിന്നീടുള്ള എത്രയോ സദ്യകളിലും ഞാൻ തേടിയിട്ടുണ്ടാകാം. ഓണം അങ്ങനെയാണ്… ഓർമ്മകളാണ് ഓണത്തെ രുചികരമാക്കുന്നത്.

Show Full Article
TAGS:onam sadhya gulf Memory 
News Summary - The missed meal and sweet memories...
Next Story