വിന്റർ ഷെഡ്യൂൾ പുനഃക്രമീകരണം; എയർഇന്ത്യ സർവിസ് മുടക്കത്തിന്റെ ആശങ്കയിൽ പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി സർവിസുകൾ പുനഃക്രമീകരിക്കുന്നതിനാൽ മലയാളി പ്രവാസികൾ ആശങ്കയിൽ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എയർഇന്ത്യ എക്സ്പ്രസ് സർവീസുകളിലെ മാറ്റമാണ് യാത്രികരെ അലട്ടുന്നത്. വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി ഈ മാസങ്ങളിൽ കുവൈത്തിൽ നിന്നും തിരിച്ചുമുള്ള സർവീസുകളിൽ മാറ്റം ഉള്ളതായി എയർഇന്ത്യ എക്സ്പ്രസ് അധികൃതർ സൂചിപ്പിച്ചു. മൂന്നു മാസങ്ങളിലെ ടിക്കറ്റ് ബുക്കിങും ലഭ്യമല്ല.
18 വർഷത്തോളമായി എയർഇന്ത്യ നടത്തിവരുന്ന കോഴിക്കോട്-കുവൈത്ത് സർവീസാണ് താൽകാലികമായെങ്കിലും നിലക്കുന്നത്. ഇതോടെ കോഴിക്കോട്, കണ്ണൂർ യാത്രക്കാർ കടുത്ത ആശങ്കയിലാണ്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ ആശ്രയിക്കുന്ന വിവിധ ജില്ലകളിലെ നിരിവധി യാത്രികരെ സർവീസ് മുടക്കം സാരമായി ബാധിക്കും. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും തിരിച്ചും കുവൈത്തിൽ നിന്ന് നേരിട്ട് സർവീസ് നടത്തുന്ന ഏക വിമാനക്കമ്പനി എയർ ഇന്ത്യ എക്സ്പ്രസാണ്. കോഴിക്കോട്ടേക്ക് ആഴ്ചയിൽ നാലും കണ്ണൂരിലേക്ക് ആഴ്ചയിൽ രണ്ട് സർവിസുമാണുള്ളത്. ഈ സർവിസുകൾ നിലച്ചാൽ ഈ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർ ദുരിതത്തിലാകും. യാത്രക്കാർ കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ടിയും വരും. ഇത് യാത്രാ സമയവും ചെലവും വർധിപ്പിക്കും.
കണ്ണൂരിലേക്ക് ഇൻഡിഗോ സർവിസ് ഉണ്ടെങ്കിലും ഹൈദരാബാദ്, മുംബൈ എന്നീ വിമാനത്തവളങ്ങൾ വഴിയാണ്. കോഴിക്കോട്ടേക്ക് സലാം എയർ, എയർ അറേബ്യ എന്നിവയും സർവിസ് നടത്തുന്നുണ്ട്. ഇവയും മറ്റു രാജ്യങ്ങളിലെ വിമാനത്താളങ്ങൾ വഴിയാണ് കോഴിക്കോട് എത്തുക. കണ്ണൂർ,കോഴിക്കോട് എന്നിവിടങ്ങളിലെ മലയാളികൾക്കൊപ്പം ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നവരും എയർഇന്ത്യ എക്സ്പ്രസ് സർവിസ് നിലച്ചാൽ പ്രയാസത്തിലാകും.തീരുമാനം റദ്ദാക്കുന്നത് പിൻവലിച്ച് പതിവുപോലെ സർവീസ് നടത്തമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇതിനായി രംഗത്തിറങ്ങാനും വിവിധ സംഘടനകൾ തീരുമാനിച്ചു.