ഇത് വാഴക്കുളമല്ല, ഒമാനിലെ ദോഫാർ; പൈനാപ്പിൾ പരീക്ഷണം നൂറുശതമാനം സക്സസ് !
text_fieldsമസ്കത്ത്: ഗൾഫ് നാടുകളിലെ മറ്റു സ്ഥലങ്ങളിൽനിന്ന് ഭിന്നമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഭൂപ്രദേശമാണ് ഒമാനിലെ ദോഫാർ. കേരളത്തിലെ പോലെ നിറയെ തെങ്ങുകളും വാഴകളും പച്ചക്കറികളും വയലും നീർച്ചാലുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ സലാല ദോഫാർ ഗവർണറേറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഇഞ്ചി കൃഷിയടക്കം ഇവിടെ പരീക്ഷിച്ച് വിജയിച്ചിരുന്നു. ഇവിടെ നിന്ന് മറ്റൊരു പരീക്ഷണ വിജയത്തിന്റെ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.
നീണ്ട 15 വർഷത്തെ ശാസ്ത്രീയ ഗവേഷണങ്ങൾക്കും ഫീൽഡ് പരീക്ഷണങ്ങൾക്കുമൊടുവിൽ ഒമാനിൽ ആദ്യമായി കൈതച്ചക്ക കൃഷി സമ്പൂർണ വിജയത്തിലെത്തിയിരിക്കുകയാണ്. ദിവാൻ ഓഫ് റോയൽ കോർട്ട് അഫയേഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന ദോഫാറിലെ റസാത്ത് റോയൽ ഫാമിലാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. ഒമാന്റെ പരിസ്ഥിതി സാഹചര്യങ്ങളുമായി കൈതച്ചക്ക കൃഷി പൊരുത്തപ്പെടുമെന്ന് പഠിക്കാനാണ് ഈ പദ്ധതി ആരംഭിച്ചത്.
റസാത്ത് റോയൽ ഫാമിൽ ആദ്യം ചെറിയ കണ്ടയ്നറുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വളർത്തിയാണ് കൃഷി ആരംഭിച്ചത്. പിന്നീട് വലിയ മരങ്ങളുടെ തണലിലും താപനില നിയന്ത്രിച്ചുള്ള ഗ്രീൻഹൗസുകളിലും തൈകൾ നട്ടുപിടിപ്പിച്ചു. ജൂലൈ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ദോഫാറിൽ ഈർപ്പവും തണുപ്പുമുള്ള ഖരീഫ് (മൺസൂൺ) സീസണുമായി ഈ വിള വളരെ വേഗം പൊരുത്തപ്പെടുകയായിരുന്നു. കൈതച്ചക്ക ചെടികൾ നട്ട് ഏകദേശം ആറ് മാസത്തിനുള്ളിൽ പൂർണ വളർച്ചയെത്തുകയും 12 മാസമാകുമ്പോഴേക്കും വിളവെടുപ്പിന് പാകമാവുകയും ചെയ്തതായി ഫാം അധികൃതർ പറഞ്ഞു. കൈതച്ചക്കയുടെ താഴത്തെ ഭാഗം മഞ്ഞ നിറമാകുമ്പോഴാണ് ഇവ വിളവെടുക്കുന്നത്.
ഒമാന്റെ കാർഷിക മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്ന് റസാത്ത് റോയൽ ഫാമിലെ സീനിയർ അഗ്രികൾച്ചറൽ എൻജിനീയറിങ് സ്പെഷ്യലിസ്റ്റ് എഞ്ചിനീയർ സുഹൈൽ സെയ്ദ് അൽ മഷാനി വിശേഷിപ്പിച്ചു. ക്വീൻ , മൗറീഷ്യസ്, എം.ഡി-2 എന്നിങ്ങനെ പലയിനങ്ങൾ നട്ടു പരീക്ഷിച്ചിരുന്നു. ലോകമെമ്പാടും വാണിജ്യപരമായി ഏറ്റവും കൂടുതൽ ലാഭകരമെന്ന് കണ്ടെത്തിയിരിക്കുന്ന ഇനമാണ് എം.ഡി-2. ഈ ഇനത്തിൽപ്പെട്ട പഴങ്ങൾക്ക് രണ്ട് കിലോ മുതൽ നാല് കിലോയിലധികം വരെ ഭാരമുണ്ടാകുമെന്നും, നല്ല മധുരവും വിപണിയിൽ മികച്ച ഡിമാൻഡുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് ഉഷ്ണമേഖലാ വിളകളെ അപേക്ഷിച്ച് കൈതച്ചക്കക്ക് വളരെ കുറഞ്ഞ അളവിൽ മാത്രമേ നനവ് ആവശ്യമുള്ളൂ എന്നും അൽ മഷാനി ചൂണ്ടിക്കാട്ടി. ടിഷ്യൂ-കൾച്ചർ വഴി രോഗരഹിതവും ഒരേ ഗുണനിലവാരമുള്ളതുമായ ധാരാളം തൈകൾ ഒരേസമയം ഉൽപാദിപ്പിക്കാൻ കഴിഞ്ഞത് പദ്ധതിയുടെ വിജയത്തിന് കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിൽ ദോഫാറിൽ പൈനാപ്പിൾ കൃഷി വ്യാപിപ്പിക്കാനാണ് അധികൃതരുടെ നീക്കം. മൂവാറ്റുപുഴക്കടുത്തുള്ള വാഴക്കുളം ഇന്ത്യയുടെ പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്നപോലെ ഗൾഫിന്റെ പൈനാപ്പിൾ സിറ്റിയായി ഭാവിയിൽ ദോഫാറും ഇടംപിടിച്ചേക്കും.


