സ്വകാര്യമേഖലയിലെ പ്രകടനം; ഒമാനികൾക്ക് ആനുകാലിക അലവന്‍സ്
text_fieldsമസ്കത്ത്: സ്വകാര്യ മേഖലയിലെ ഒമാനി ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ആനുകാലിക അലവന്‍സിന് ചട്ടക്കൂടുമായി തൊഴിൽ മന്ത്രാലയം. രാജകീയ ഉത്തരവ് പ്രകാരമുള്ള തൊഴില്‍ നിയമത്തെയും മന്ത്രിതല പ്രമേയത്തെയും അടിസ്ഥാനമാക്കിയാണ് പുതിയ നടപടി. സ്ഥപനത്തിൽ കുറഞ്ഞത് ആറുമാസത്തെ സേവനം പൂർത്തിയാക്കിയതും യോഗ്യത പ്രകടനവും വിലയിരുത്തിയാണ് വർധന നൽകുക. ഇങ്ങനെയുണ്ടെങ്കിൽ ഒമാനി തൊഴിലാളികൾക്ക് എല്ലാ ജനുവരി ഒന്നിനും ഇതിന് അർഹതയുണ്ടാകും.
മികച്ച വിലയിരുത്തൽ ലഭിക്കുകയാണെങ്കിൽ അടിസ്ഥാന ശമ്പളത്തിന്റെ അഞ്ച് ശതമാനവും വളരെ നല്ല വിലയിരുത്തലിന് അടിസ്ഥാന ശമ്പളത്തിന്റെ നാല് ശതമാനവും നല്ല വിലയിരുത്തൽ ലഭിച്ചാൽ അടിസ്ഥാന ശമ്പളത്തിന്റെ മൂന്ന് ശതമാനവും ലഭിക്കും. സ്വീകാര്യമായ വിലയിരുത്തൽ ആണെങ്കിൽ അടിസ്ഥാനവേതനത്തിന്റെ രണ്ട് ശതമാനം നൽകണം. ‘ദുർബലമായ’ പ്രകടന റിപ്പോർട്ട് ലഭിക്കുകയാണെങ്കിൽ തൊഴിലാളിക്ക് അലവൻസിന് അർഹതയില്ല. മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ് ഡിവിഷനിൽ പ്രകടന റിപ്പോർട്ടിൽ തന്റെ വിലയിരുത്തലിന്റെ ഫലങ്ങൾക്കെതിരെ പരാതി ഫയൽ ചെയ്യാൻ തൊഴിലാളിക്ക് അവകാശമുണ്ട്. ജീവനക്കാരൻ ഒരു വർഷത്തിനുള്ളിൽ ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ, തൊഴിലാളി ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച സ്ഥാപനമായിരിക്കും പ്രകടന റിപ്പോർട്ട് തയാറാക്കേണ്ടത്. പുതിയ ചട്ടങ്ങൾ ലംഘിക്കുന്ന ഏതൊരു തൊഴിലുടമക്കും ഓരോ ലംഘനത്തിനും 50 റിയാൽ പിഴ ചുമത്തുകയും ബാധിച്ച തൊഴിലാളികളുടെ എണ്ണം കൊണ്ട് ഗുണിക്കുകയും ചെയ്യും.