സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പ്രവാസി ആണോ നിങ്ങൾ?
text_fieldsഈ ലേഖനം ഒരു സാധാരണ കുടുംബത്തിന് വേണ്ടിയുള്ളതാണ്. കടക്കെണിയിൽ പെട്ട് ഉഴലുന്ന ഒരു സാധാരണ പ്രവാസിക്ക്, വേണമെങ്കിൽ അതിൽ നിന്നും രക്ഷനേടാനുമുള്ള വളരെ പ്രശസ്തമായ ഒരു കുടുംബ ബജറ്റിനെ പറ്റിയാണ് പറയുന്നത്. ഇതിനു പ്രത്യേകിച്ച് മാജിക്കുകൾ ഒന്നുമില്ല എന്ന കാര്യം ഓർക്കുക.
പ്രവാസികളെ സംബന്ധിച്ചിടത്തോളം ധാരാളം ബാധ്യതകൾ അതായതു ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, മറ്റു വ്യക്തിഗത വായ്പ എന്നിവയിൽ ശ്വാസം മുട്ടുന്നവരാണ് മിക്കവരും. ജോലി സ്ഥിരത ഇപ്പോൾ ഒരു ചോദ്യ ചിഹ്നമാണ്. അതുകൊണ്ടു അൽപസ്വൽപം ത്യാഗങ്ങൾ സഹിക്കാൻ തയാറാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ മാറ്റം ഉറപ്പാണ്. 2025 ജനുവരിയിൽ ഒരു ഒമാനി റിയാലിന് 220 രൂപ ആയിരുന്നു. ഇന്നത് 235 രൂപയാണ്. അതായത്, ഒരു 300 റിയാൽ നാട്ടിൽ അയക്കുന്ന വ്യക്തിക്ക് 4500 രൂപ അധികം ലഭിക്കുന്നു. ഈ അധിക തുക കാര്യമായി വിനിയോഗിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം. ഇതിനു ന്യായങ്ങൾ ധാരാളമുണ്ടാകാം. പക്ഷേ, അത് നിങ്ങളെ സഹായിക്കുന്നില്ല എന്നോർക്കുക.
ഈ അവസ്ഥക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് 50:30:20 റൂൾ പാലിക്കാൻ ശ്രമിക്കാം. എന്താണ് ഈ റൂൾ എന്ന് വിശദീകരിക്കാം. സാമ്പത്തിക നില ഭദ്രമാക്കാന്‍ വരുമാനത്തെ മൂന്ന് വിഭാഗങ്ങളായി വിഭജിക്കുന്ന ലളിതമായ ബജറ്റിങ് രീതിയാണ് 50-30-20 റൂള്‍.
ആവശ്യങ്ങള്‍ക്ക് 50 ശതമാനം
നിങ്ങളുടെ കൈയിൽ വരുന്ന വരുമാനത്തിന്റെ 50 ശതമാനം വീട്ടുവാടക ഉൾപ്പെടെയുള്ള നിത്യ ചെലവുകൾക്കും, കുട്ടികളുടെ ഫീസ്, വായ്പയുടെ തിരിച്ചടവ് എന്നിവക്കും ഉൾപ്പെടുത്താം. ഇത്തരം ചെലവുകൾ നികുതി കഴിച്ചുള്ള വരുമാനത്തിന്റെ 50 ശതമാനത്തിൽ കൂടുകയാണെങ്കിൽ ചെലവുകളിൽ ചില മാറ്റങ്ങൾ വരുത്തി ക്രമീകരിക്കേണ്ടതാണ്. കുടുംബ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള ക്രമീകരണങ്ങൾ വരുത്തുക. ഇനി അത്യാവശ്യ ചെലവുകൾക്ക് ഇതു തികയുന്നില്ലെങ്കിൽ താഴെപറയുന്ന 30 ശതമാനത്തിൽ അഞ്ചു മുതൽ 10 ശതമാനം കുറവ് വരുത്തി ഇവിടെ ഉപയോഗിക്കാം.
ആഗ്രഹങ്ങള്‍ക്ക് 30 ശതമാനം
‘റൂൾ 50’ അത്യാവശ്യമായതും ഒഴിച്ചുകൂടാൻ പറ്റാത്തതുമായ ചെലവുകൾക്കാണെങ്കിൽ ഈ നിയമം പറയുന്നത് മറ്റു ചെലവുകളെപ്പറ്റിയാണ്. ഒരു കുടുംബത്തിന്റെ സന്തോഷകരമായ ജീവിതത്തിനു വിനോദം, ഹോട്ടൽ ഭക്ഷണം, യാത്രകൾ, വിവാഹം പോലുള്ള ചെലവുകൾ ആവശ്യമാണ്. ഇതിനു വേണ്ടിയും ഒരു തുക വകയിരുത്തേണ്ടതാണ്. നിങ്ങളുടെ കൈയിൽ വരുന്ന വരുമാനത്തിന്റെ 30 ശതമാനം വരെ ഇതിനു മാറ്റിവെക്കാം.
സമ്പാദ്യത്തിന് 20 ശതമാനം
വിരമിച്ചതിനു ശേഷം സന്തോഷകരമായ ഒരു ജീവിതം നയിക്കാനും ഭാവിയിലെ അടിയന്തരാവസ്ഥകള്‍ക്കും സാമ്പത്തിക സുരക്ഷക്കും സമ്പാദ്യം അത്യാവശ്യമാണ്. അതുകൊണ്ടു നികുതിക്ക് ശേഷമുള്ള വരുമാനത്തിന്റെ 20 ശതമാനം സമ്പാദ്യമായി മാറ്റണമെന്ന് നിര്‍ദേശിക്കുന്നു. കുറഞ്ഞ വരുമാനക്കാരെ സംബന്ധിച്ചിടത്തോളം ഇത് ബുദ്ധിമുട്ടാണെന്ന് അറിയാം. എന്നിരുന്നാലും കഴിയും എന്നാണ് എന്റെ അഭിപ്രായം. ബാങ്ക് ഡിപ്പോസിറ്റുകൾ, ഓഹരി നിക്ഷേപം, ചിട്ടികൾ, മ്യൂചൽ ഫണ്ടുകൾ, സ്വർണം, വെള്ളി എന്നിങ്ങനെ നിരവധി മേഖലകളിൽ ചെറിയ സമ്പാദ്യങ്ങൾ നടത്താം. ഉദാഹരണമായി 5000 രൂപ ഒരു നല്ല മ്യൂചൽ ഫണ്ടിൽ 25 വർഷത്തേക്ക് നിക്ഷേപം നടത്തിയാൽ ഒരു 12.5 ശതമാനം സി.എ.ജി.ആർ കണക്കു കൂട്ടിയാൽ 92 ലക്ഷം രൂപയും അത് 30 വർഷമായാൽ 1.7കോടിയും കിട്ടാം (കമ്പോളത്തിലെ ചാഞ്ചാട്ടത്തിനു വിധേയം ). ഇത് എത്ര നേരത്തെ സമ്പാദ്യം തുടങ്ങണം എന്ന കാര്യം ബോധ്യപ്പെടുത്തുന്നു.
അമേരിക്കൻ സെനറ്റര്‍ എലിസബത്ത് വാരന്റെ സംഭാവനയാണ് പ്രശസ്തി നേടിയ മുകളിൽ പറഞ്ഞ ഈ റൂൾ. സ്ഥിരവരുമാനം ഉള്ള ജോലിക്കാരുടെ ചെലവുകളെ ക്രമീകരിക്കാന്‍ അനുയോജ്യമാണിത്. മേൽപ്പറഞ്ഞ റൂളിൽ നിങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസരിച്ചു ചെറിയ മാറ്റങ്ങൾ വരുത്തുന്നതിൽ തെറ്റില്ല.
വായ്പകളുടെ തിരിച്ചടവ് അത്യാവശ്യങ്ങളിലേക്കും എന്നാല്‍ കൂടുതല്‍ പണം തിരിച്ചടച്ച് കടം കുറക്കാനുണ്ടെങ്കില്‍ ആ തുക 20 ശതമാനത്തലേക്കും ഉൾപ്പെടുത്താവുന്നതാണ്.
ചുരുക്കത്തിൽ ഇത് സാമ്പത്തിക അച്ചടക്കം പാലിക്കാൻ നിങ്ങളെ സഹായിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. നിങ്ങളുടെ കടങ്ങൾ കുറക്കാനും ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്താനും അതുപോലെ തന്നെ സേവിങ്സ് നിങ്ങളുടെ ജീവിത സായാഹ്നത്തിൽ ഒരു കൈത്താങ്ങായിരിക്കുകയും ചെയ്യും. കൈ നനയാതെ മീൻ പിടിക്കാൻ പറ്റില്ല എന്ന കാര്യം ഓർക്കുക.
(ഒമാനിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസർ ആണ് ലേഖകൻ)


