ഏഷ്യൻ കപ്പ്; ഒമാന്‍ നോക്കൗട്ട് സുഗമമാകും
text_fieldsഒമാൻ ഫുട്ബാൾ ടീം
മസ്കത്ത്: ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഒമാന്‍ നോക്കൗട്ട് സുഗമമാകും. ഗ്രൂപ് എഫിൽ ശക്തരായ സൗദിക്കൊപ്പം തായ്ലൻഡും കിർഗിസ്താനുമാണ് മറ്റ് രാജ്യങ്ങൾ. അട്ടിമറിയൊന്നും നടന്നില്ലെങ്കിൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സുൽത്താനേറ്റ് നോക്കൗട്ടിലേക്ക് കടക്കും.
അടുത്തവർഷം ജനുവരിയിൽ നടക്കുന്ന ഏഷ്യൻ കപ്പിന്റെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം ദോഹയിലെ കതാറ ഒപേറ ഹൗസിൽ നടന്നു. ജനുവരി 16ന് സൗദി അറേബ്യയുമായിട്ടാണ് ആദ്യ മത്സരം.
20ന് തായ്ലൻഡുമായും 24ന് കിർഗിസ്താനുമായും ഏറ്റുമുട്ടും. ഫിഫ റാങ്കിങ്ങിൽ 54ാം സ്ഥാനത്തുള്ള സൗദി അറേബ്യയായിരിക്കും ഗ്രൂപ്പിൽ റെഡ്വാരിയേഴ്സിന് പ്രധാന വെല്ലുവിളി ഉയർത്തുക. ലോക റാങ്കിങ്ങിൽ 73ാം സ്ഥാത്താണ് ഒമാൻ. കിർഗിസ്താൻ (96), തായ്ലൻഡ് (114) എന്നിങ്ങനെയാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ ലോക റാങ്കിങ്. അടുത്ത കാലത്തായി മികച്ച ഫോമിലാണ് ഒമാൻ പന്ത് തട്ടുന്നത്. ഈ വർഷം ജനുവരിയില്‍ നടന്ന അറബ് ഗള്‍ഫ് കപ്പില്‍ ഒമാൻ രണ്ടാം സ്ഥാനം നേടിയിരുന്നു. കപ്പ് നേടാനായില്ലെങ്കിലും ടൂർണമെന്റിലെ മികച്ച പ്രകടനത്തിൽ കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ച് സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മാർച്ചിൽ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ ലബനാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. ഖത്തറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പിന് മുന്നോടിയായുള്ള തയാറെടുപ്പിന്റെ ഭാഗമായായിരുന്നു മത്സരം.
പുതുമുഖങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകിയ മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
അടുത്തമാസം 10 മുതല്‍ 20 വരെ തജികിസ്താനില്‍ നടക്കുന്ന നാഷന്‍സ് കപ്പാണ് ഏഷ്യൻ കപ്പിന് മുന്നോടിയായി ഒമാന്‍ മുന്നിലുള്ള പ്രധാന ടൂർണമെന്റ്. മികച്ച പ്രകടനം നടത്തി ഏഷ്യൻ കപ്പിന് ആത്മവിശ്വാസം വർധിപ്പിക്കാനായിരിക്കും ഒമാൻ ശ്രമിക്കുക. ടീമിന്റെ പരിശീലന ക്യാമ്പുകൾ മേയ് പകുതിക്ക് ശേഷമായിരിക്കും കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചും സംഘവും നടത്തുക.