ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് വിലക്ക് നീട്ടി
text_fieldsമസ്‌കത്ത്: സുൽത്താനേറ്റിൽ ഡ്രോൺ ഉൾപ്പെടെയുള്ള വ്യോമ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായാണ് വിലക്ക് തുടരുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഗൾഫ് മേഖലയിൽ സംഘർഷം ആരംഭിച്ചതിന് പിന്നലെയാണ് ഡ്രോൺ ഉൾപ്പെടെയുള്ള വ്യോമ പ്രവർത്തനങ്ങൾക്കുള്ള അനുമതി അധികൃതർ റദ്ദാക്കിയിരുന്നത്.
ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ വ്യോമമേഖലയുടെ സുരക്ഷ നിലനിർത്തുന്നതിനുമാണ് നിയന്ത്രണം തുടരുന്നത്. ഡ്രോൺ പ്രവർത്തനങ്ങളിലെ വിലക്ക് കർശനമായി പാലിക്കുക എന്നത് ദേശീയ ഉത്തരവാദിത്വമാണെന്നും വ്യക്തികളും ഓപറേറ്റർമാരും കമ്പനികളും നിർദ്ദേശം പൂർണമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വിലക്ക് പിൻവലിക്കുന്നതിനുള്ള സമയപരിധി വ്യക്തമാക്കിയിട്ടില്ല. അടുത്ത അറിയിപ്പ് വരുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.


