Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപാരമ്പര്യത്തിലൂന്നി...

പാരമ്പര്യത്തിലൂന്നി ആധുനികതയെ പുൽകി വടക്കൻബാത്തിനയിലെ ആഘോഷപൊലിവ്

text_fields
bookmark_border
പാരമ്പര്യത്തിലൂന്നി ആധുനികതയെ പുൽകി വടക്കൻബാത്തിനയിലെ ആഘോഷപൊലിവ്
cancel
camera_alt

ഒമാനി തനത് കലയുടെ പ്രതീകാത്മക ചിത്രം

സുഹാർ: ഒമാനിലെ വടക്കൻ ബാത്തിന പ്രദേശങ്ങളിൽ ബലി പെരുന്നാൾ എത്തുമ്പോൾ പ്രവാസ ലോകവും നാട്ടിൻപുറങ്ങളും ഒരുപോലെ ആഘോഷത്തിന്റെ നിറവിൽ മുഴുകും. മലയാളി കുടുംബങ്ങളുടെയും ഒമാനി സമൂഹത്തിന്റെയും ആഘോഷങ്ങൾ ചേർന്നൊരു മനോഹര സാംസ്കാരിക കാഴ്ചയാണ് പെരുന്നാൾ ദിവസങ്ങളിൽ കാണാൻ കഴിയുന്നത്.

വടക്കൻ ബാത്തിനയിലെ പെരുന്നാൾ ആഘോഷങ്ങൾക്ക് എപ്പോഴും ഒരു പ്രത്യേക ഭംഗിയുണ്ട്. ഖാബൂറ, സഹം, സുഹാർ, ലിവ, ഷിനാസ് തുടങ്ങിയ തീരദേശ മേഖലകൾ ഉൾപ്പെടുന്ന വടക്കൻ ബാത്തിനയിൽ പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന മനോഹരമായ കാഴ്ചകളാണ് ബലിപെരുന്നാളിന് കാണാൻ കഴിയുക.

ബാത്തിനയിലെ ഹബ്ത്ത മാർക്കറ്റാണ് അതിൽ വളരെ മനോഹരം. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വടക്കൻ ബാത്തിനയിലെ പ്രധാന വിലായത്തുകളിലെല്ലാം പ്രത്യേകിച്ച് സുഹാർ, സഹം, കാബൂറ, മാർക്കറ്റുകളിൽ മികച്ച ‘ഹബ്ത’ കച്ചവടം നടക്കുന്നു.

പെരുന്നാൾ ചന്തയിൽ കിട്ടുന്ന ഒമാനി ഹൽവ, പെരുന്നാൾ വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ വാങ്ങാനും ബലിമൃഗങ്ങളുടെ ലേലം കാണാനും വൻ ജനക്കൂട്ടമാണ് ഇവിടെയെത്തുക. അതൊരു കൗതുക കാഴ്ചയാണ്. വിവിധ രാജ്യങ്ങളിൽനിന്നും മറ്റു വിലയാത്തുകളിൽ നിന്നും ഇവിടെ എത്തിക്കുന്ന അറവ് മാടുകളെ വില്പന നടത്തുക എന്നതാണ് പ്രധാനം.

വടക്കൻ ബാത്തിന നീളമേറിയ മനോഹരമായ കടൽത്തീരങ്ങളാൽ സമ്പന്നമാണ്. അതിനാൽ തന്നെ പെരുന്നാൾ ദിനങ്ങളിൽ വൈകുന്നേരങ്ങളിൽ സ്വദേശികളും വിദേശികളും കുടുംബസമേതം ബീച്ചുകളിൽ ഒത്തുകൂടുന്നു. കുട്ടികളുടെ കളികളും, ബാർബിക്യൂ പാർട്ടികളും പെരുന്നാൾ സൗഹൃദം പുതുക്കലുമൊക്കെയായി തീരദേശങ്ങൾ സജീവമാകും.

ബാത്തിനയിലെ ജനങ്ങൾക്ക് കുതിരകളോടും ഒട്ടകങ്ങളോടും പ്രത്യേക താല്പര്യമുണ്ട്. പെരുന്നാൾ ദിനങ്ങളിൽ ചില വിലായത്തുകളിൽ കുതിരയോട്ട മത്സരങ്ങളും ഒട്ടകയോട്ട മത്സരങ്ങളും അരങ്ങേറും. പരമ്പരാഗത വാൾ നൃത്തമായ ‘റസ്ഹ’യും അരങ്ങേറാറുണ്ട്. ഒമാനി പൈതൃകവും ഒരുമയും നേരിട്ടറിയാൻ പറ്റിയ അവസരമാണിത്.

ഒമാനിൽ എല്ലായിടത്തും ഷുവ ഉണ്ടെങ്കിലും ബാത്തിനയിലെ കുടുംബങ്ങൾ ഒത്തുചേർന്ന് വലിയ തന്തൂർ അടുപ്പുകളിൽ ഒന്നിച്ച് ഷുവ പാകം ചെയ്യുന്നത് കാണാൻ നല്ല രസമാണ്. പെരുന്നാൾ രണ്ടാം ദിനമോ മൂന്നാം ദിനമോ ഈ അടുപ്പുകൾ തുറക്കുമ്പോൾ വില്ലേജുകളിലാകെ അതിന്റെ സുഗന്ധം നിറയും. സുഹാർ പാർക്ക്, സഹം പാർക്ക് മുജിസ് പാർക്ക്‌, തുടങ്ങിയ പൊതുയിടങ്ങളിലും സുഹാറിലെ പ്രമുഖ മാളുകളിലും പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക കലാപരിപാടികളും കുട്ടികൾക്കായുള്ള വിനോദങ്ങളും ഒരുക്കാറുണ്ട്.

പെരുന്നാൾ ദിനങ്ങളിൽ ബീച്ചുകളും പാർക്കുകളും കുടുംബങ്ങളാൽ നിറയും. സോഹാർ, കോർനീഷ് പോലുള്ള ഇടങ്ങളിൽ വൈകുന്നേരങ്ങളിൽ കുട്ടികളുടെ കളികളും കുടുംബ സംഗമങ്ങളും സജീവമാകും. ചില മലയാളി സംഘടനകൾ കലാപരിപാടികളും കുടുംബ സംഗമങ്ങളും സംഘടിപ്പിച്ച് പ്രവാസികളുടെ ആഘോഷത്തിന് കൂടുതൽ നിറം പകരാറുണ്ട്. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഒരുമയും സ്നേഹവും പങ്കിടാനുള്ള അവസരമായാണ് വടക്കൻ ബാത്തിനയിലെ ബലി പെരുന്നാൾ ഓരോ വർഷവും മാറുന്നത്.

Show Full Article
TAGS:Oman News Gulf News news 
News Summary - Celebrations in North Bathinda, embracing tradition and modernity
Next Story