Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിമാന ടിക്കറ്റ്...

വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം കേന്ദ്രം പിൻവലിച്ചു; പ്രവാസികൾക്ക് പുതിയ ഭാരമായി ഉയർന്ന യാത്രച്ചെലവ്

text_fields
bookmark_border
വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം കേന്ദ്രം പിൻവലിച്ചു; പ്രവാസികൾക്ക് പുതിയ ഭാരമായി ഉയർന്ന യാത്രച്ചെലവ്
cancel

സുഹാർ: ഇന്ത്യയിൽ വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം പിൻവലിച്ചതോടെ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് വീണ്ടും ഇരുട്ടടി. 2025 ഡിസംബറിൽ വിമാന ടിക്കറ്റ് വില നിയന്ത്രിക്കാൻ സർക്കാർ കൊണ്ടു വന്ന ഫെയർ കാപ് സംവിധാനമാണ് തിങ്കളാഴ്ച മുതൽ പിൻവലിച്ചത്. ഇനി വിമാന കമ്പനികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചു സ്വതന്ത്രമായി വില നിശ്ചയിക്കാനാവും. ആവശ്യവും ലഭ്യതയും അടിസ്ഥാനമാക്കി വിമാന കമ്പനികൾക്ക് നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം നൽകിയതോടെ പെട്ടു പോയത് ഗൾഫ് പ്രവാസികളാണ്. സീസൺ സമയങ്ങളിൽ കമ്പനികൾക്ക് അമിത നിരക്ക് ഈടാക്കാവുന്ന സാഹചര്യമാണ് രൂപപ്പെടുന്നത്.

പെരുന്നാളും മറ്റു ആവശ്യങ്ങളും വന്നിട്ടും മിക്ക പ്രവാസികളും നാട്ടിൽ പോകാതിരിക്കുന്നത് പശ്ചിമേഷ്യയിൽ രൂപപ്പെട്ട യുദ്ധ സാഹചര്യത്തിലാണ്. നാട്ടിലേക്ക് പോയാൽ തിരിച്ചു വരാൻ യാത്രാസൗകര്യം ഇല്ലാതിരുന്നാൽ നാട്ടിൽ കുടുങ്ങി പോയാലോ എന്ന ആശങ്കയിലാണ് പലരും. കൂടാതെ മുതിർന്ന കുട്ടികളുടെ സി.ബി.എസ്.ഇ പരീക്ഷയും ഒന്നുമാകാതെ കിടക്കുകയാണ്. പരീക്ഷ റദ്ദ് ചെയ്തെങ്കിലും ഉപരിപഠനത്തിനായുള്ള ശ്രമങ്ങൾ തുടരേണ്ടതുണ്ട്. പ്രവാസികൾ നിർബന്ധമായും നാട്ടിൽ പോയിക്കൊണ്ടിരുന്ന പെരുന്നാൾ, വിഷു, ഓണം, വേനലവധി എന്നിങ്ങനെ യുള്ള ആഘോഷ കാലങ്ങളിൽ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നതാണ് സ്ഥിതി.

തിങ്കളാഴ്ച മുതൽ മാർച്ച് 28 വരെ മസ്കത്തിൽനിന്ന് കേരളത്തിലെ എല്ലാ സെക്ടറിലേക്കുമുള്ള വിമാന സർവിസ് എയർ ഇന്ത്യ എക്സ്പ്രസ് നിർത്തലാക്കിയതോടെ കേരളത്തിലേക്കുള്ള മറ്റു വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് കുത്തനെ കുതിച്ചുയർന്നു. ഇൻഡിഗോ അടക്കം ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.

ഇതിനകം തന്നെ ഗൾഫ്-ഇന്ത്യ റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമായി ഉയർന്നതായി യാത്രക്കാർ പറയുന്നു. മുമ്പ് 10,000 മുതൽ 20,000 രൂപവരെ ലഭ്യമായിരുന്ന ടിക്കറ്റുകൾ ഇപ്പോൾ 40,000 മുതൽ 80,000 രൂപവരെ എത്തുന്ന അവസ്ഥയാണ്. ഒരു കുടുംബത്തിലെ നാല് പേരുടെ യാത്ര ചിലപ്പോൾ ലക്ഷങ്ങൾ ചെലവാക്കേണ്ട സാഹചര്യമാണുള്ളത്.

പ്രവാസികളുടെ ഏറ്റവും വലിയ ആശങ്ക തെരഞ്ഞെടുപ്പ്, വിഷു പോലുള്ള ആഘോഷ സമയങ്ങളിൽ എങ്ങനെ നാട്ടിലെത്തുമെന്നുള്ളതാണ്. അടിയന്തര സാഹചര്യങ്ങളിലും ടിക്കറ്റ് ലഭ്യതയും വിലയും പ്രവാസികളെ പ്രയാസപ്പെടുത്തുന്നു. ഇന്ധന വില വർധിച്ചതാണ് നിരക്ക് വർധനവിന് പ്രധാന കാരണമായി വിമാനക്കമ്പനികൾ പറയുന്നത്. അന്താരാഷ്ട്ര വിപണിയിൽ ജെറ്റ് ഇന്ധനവില ഉയർന്നത് വിമാന കമ്പനികളുടെ ചെലവ് കൂടാൻ കാരണമായി. അതുകൊണ്ട് തന്നെ ഓപ്പറേഷൻ ചെലവും കൂടി. രൂപയുടെ മൂല്യം ഇടിഞ്ഞതും വിമാന പരിപാലന ചെലവുകളും വർധിച്ചു.

അതേസമയം, ഇതു സംബന്ധിച്ച് പ്രവാസി സംഘടനകളും യാത്രക്കാരും ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. സീസൺ സമയങ്ങളിൽ താൽക്കാലിക നിരക്ക് നിയന്ത്രണം കൊണ്ടുവരണമെന്നതാണ് അതിൽ പ്രധാന നിർദേശം..

അധിക വിമാന സർവീസുകൾ ആരംഭിക്കുക, ചാർട്ടർ വിമാനങ്ങൾക്ക് അനുമതി നൽകുക, കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് സബ്സിഡി ടിക്കറ്റുകൾ പ്രഖ്യാപിക്കുക തുടങ്ങിയ നിർദേശങ്ങളും പ്രവാസി സംഘടനകൾ മുന്നോട്ടുവെക്കുന്നു.

ഇത്തരം സാഹചര്യം മുൻകൂട്ടിക്കണ്ട്, പ്രവാസികൾ മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുക എന്നതാണ് ഒരുപോംവഴി. അതുപോലെ നേരിട്ടുള്ള സർവീസുകൾക്ക് പകരം ട്രാൻസിറ്റ് യാത്രകൾ തെരഞ്ഞെടുക്കാം. തിരക്കേറിയ സമയങ്ങൾ ഒഴിവാക്കി യാത്ര പ്ലാൻ ചെയ്യുകയാണ് മറ്റൊന്ന്.

Show Full Article
TAGS:gulfnews flight ticket price India government 
News Summary - Center lifts air ticket price restrictions; High travel costs become new burden for expatriates
Next Story