‘ശക്തി’ ചുഴലിക്കാറ്റ് ദുർബലമാകുന്നു; ഒമാന്റെ തീര പ്രദേശങ്ങളിൽ മഴക്ക് സാധ്യത
text_fieldsമസ്കത്ത്: അറബികടലിൽ രൂപംകൊണ്ട ‘ശക്തി’ ചുഴലിക്കാറ്റ് ദുർബലമാകുന്നതായി റിപ്പോർട്ട്. തെക്കൻ ശർഖിയ ഗവർണറേറ്റിന്റെ തീരങ്ങളിലേക്കാണ് കാറ്റ് നീങ്ങികൊണ്ടിരിക്കുന്നത്. അടുത്ത 12 മണിക്കൂറിനുള്ളിൽ കാറ്റ് ക്രമേണ ദുർബലമാകുമെന്ന് നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ അറിയിച്ചു. ഇന്ന് രാത്രിയോടെയും തിങ്കളാഴ്ച രാവിലെയോടെയും ചുഴലിക്കാറ്റ് കിഴക്കോട്ട് തിരിഞ്ഞ് മധ്യ അറേബ്യൻ കടലിലേക്കും ഒമാൻ സുൽത്താനേറ്റിൽനിന്നും അകന്നുപോകുമെന്നും പ്രതീക്ഷിക്കുന്നു.
കൊടുങ്കാറ്റിന്റെ കേന്ദ്രം ഒമാന്റെ തീരപ്രദേശത്തുനിന്ന് 100 മുതൽ 200 കിലോമീറ്റർവരെ അടുത്ത് എത്തുമെന്നും തുടർന്ന് ദിശ മാറുമെന്നും മുന്നറിയിപ്പ് ബുള്ളറ്റിൽ പറയുന്നു. അതേസമയം ചെവ്വാഴ്ചവരെ സുൽത്താനേറ്റിൽ പരോക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ, മധ്യ തീരപ്രദേശങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. രണ്ട് മുതൽ നാല് മീറ്റർവരെ തിരമാലകൾ ഉയർന്നേക്കും. ഇത് താഴ്ന്ന തീരദേശ മേഖലകളിലേക്ക് വെള്ളം കയറാൻ ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളുടെ തീരങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുയെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.