Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ മഴക്കെടുതി; മരണ...

ഒമാനിൽ മഴക്കെടുതി; മരണ സംഖ്യ നാലായി

text_fields
bookmark_border
ഒമാനിൽ മഴക്കെടുതി; മരണ സംഖ്യ നാലായി
cancel

മസ്‌കത്ത്: ഒമാനിൽ ശക്തമായ മഴയും അപ്രതീക്ഷിത പ്രളയവും മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. പ്രളയബാധിത പ്രദേശങ്ങളിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും റോയൽ ഒമാൻ പൊലീസിന്റെയും നേതൃത്വത്തിൽ ഞായറാഴ്ച പകലിലും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. തെക്കൻ ബാതിന ഗവർണറേറ്റിലെ ബർകയിൽ രണ്ടു മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ടു പേരും മബേല വിലായത്തിൽ ഒരു വാഹനം വാദിയിൽ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് രണ്ട് പേരുമാണ് മരിച്ചത്.


പാലക്കാട് തൃത്താല സ്വദേശിയായ ലുബിഷാദിന്റെയും സുഹൃത്ത് തൃത്താല സ്വദേശി യൂസഫിന്റെയും കുടുംബങ്ങളാണ് ബർകയിൽ അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്നത്. യൂസഫിനു(38) പുറമെ, ലുബിഷാദിന്റെ ഭാര്യ ആനക്കര കുമ്പിടി സ്വദേശിനി ഷംലയും (32) അപകടത്തിൽ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി കണ്ടെടുത്തു. യൂസഫിന്റെ മാതാവ് റംലത്തിനെ ഒഴുക്കിൽ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. നാല് കുട്ടികളുൾപ്പെടെ ഏഴുപേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്ററോളം മാറിയാണ് ഇവർ സഞ്ചരിച്ച വാഹനം കണ്ടെത്താനായത്. കെ.എം.സി.സി, പ്രവാസി വെൽഫെയർ, ഇൻകാസ് ഒമാൻ അടക്കമുള്ള മലയാളി സംഘടനകൾ തുടർനടപടികൾക്ക് നേതൃത്വം നൽകിവരികയാണ്.

ഒമാനിൽ കനത്ത മഴയും പ്രളയവും റിപ്പോർട്ട് ചെയ്ത കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ നാല് മരണം റിപ്പോർട്ട് ചെയ്തതായി നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് വ്യക്തമാക്കി. പ്രളയജലത്തിൽ നിറഞ്ഞ വാദികൾ മുറിച്ചു കടക്കരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ശക്തമായ ഒഴുക്കിൽ നിമിഷങ്ങൾക്കകം വാഹനങ്ങൾ ഒഴുകിപ്പോകാൻ സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

അതേസമയം, ഒമാനിൽ കാലാവസ്ഥ അസ്ഥിരമായി തുടരാനാണ് സാധ്യതയെന്ന് ഒമാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴ, ശക്തമായ കാറ്റ്, ചില പ്രദേശങ്ങളിൽ ആലിപ്പഴവർഷം എന്നിവക്കും സാധ്യതയുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Show Full Article
TAGS:rainstorms Oman Death Case Gulf News 
News Summary - Death toll rises to four Rainstorms in Oman
Next Story