വാഹനമോടിക്കുന്നവർ ജാഗ്രതൈ; എ.ഐ കാമറക്കണ്ണ് ഇനി എല്ലായിടത്തും
text_fieldsമസ്കത്ത്: ഒമാനിൽ പുതുതായി ഒരുക്കിയ എഐ കാമറ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി അധികൃതർ. പ്രധാന ഇന്റർസെക്ഷനുകളിലും ഹൈവേകളിലും ഇത് ഉൾപ്പെടുത്തുമെന്ന് റോയൽ ഒമാൻ ട്രാഫിക് വിഭാഗം പറഞ്ഞു. നഗരകേന്ദ്രങ്ങളിലും ഗവർണറേറ്റുകളിലും സമഗ്രമായ ട്രാഫിക് നിരീക്ഷണം ഉറപ്പാക്കും. കൂടാതെ, ഉയർന്ന ഗതാഗതത്തിരക്കും സുരക്ഷാ മുൻഗണനകളും ഉള്ള പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തെരഞ്ഞെടുത്ത ഹൈവേകളിൽ സംവിധാനങ്ങൾ സജ്ജമാക്കും. ഇ-സ്കൂട്ടര്‍ യാത്രക്കാരെയും എ.ഐ കാമറ വഴി നിരീക്ഷിക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലുമടക്കം സമഗ്രമായ ഗതാഗതസുരക്ഷ പരിശോധനകള്‍ സാധ്യമാകുമെന്നും പൊലീസ് പറഞ്ഞു.
പ്രധാന ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനൊപ്പം ഡെലിവറി മേഖലയിലേതുൾപ്പെടെയുള്ള നിർദിഷ്ട വാഹനങ്ങളുമായും ഡ്രൈവർമാരുമായും ആവർത്തിച്ചുള്ള ഗതാഗതലംഘനങ്ങൾ ട്രാക്ക് ചെയ്യുന്ന തരത്തിലാണ് എ.ഐ. സിസ്റ്റത്തിന്റെ രൂപകൽപന. വേഗം, സിഗ്നൽ ലംഘനങ്ങൾ, ശ്രദ്ധ തിരിക്കുന്ന ഡ്രൈവിങ്, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ ഒന്നിലധികം ലംഘനങ്ങൾ ഒരേസമയം കണ്ടെത്തുന്നതിന് സിസ്റ്റം നൂതന എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. കൂടാതെ കേന്ദ്രങ്ങളിലേക്ക് റെക്കോഡ് ചെയ്ത ഡേറ്റ അയക്കുകയും ചെയ്യും.
ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് പോയന്റ് സംവിധാനവും നടപ്പാക്കും. വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാത്തതുമാണ് ഒമാനിലെ റോഡപകടങ്ങൾക്കും മരണത്തിനും കാരണമാകുന്നത്.
റോഡിലെ നിയമലംഘനങ്ങൾ കുറക്കാൻ നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്ന് നേരത്തേതന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. എ.ഐ സാങ്കേതികവിദ്യകളുടെ പിന്തുണയുള്ള ട്രാഫിക് ലൈറ്റുകളിലെ സ്മാര്‍ട്ട് കാമറകള്‍, ആധുനിക നിരീക്ഷണസംവിധാനങ്ങള്‍ തുടങ്ങിയവയാണ് ഒമാനിലെ റോഡുകളില്‍ പുതുതായി സ്ഥാപിക്കുന്നത്.
അമിതവേഗം, റെഡ് സിഗ്നല്‍ മറികടക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങി സാധാരണ കണ്ടുവരുന്ന നിയമലംഘനങ്ങള്‍ കുറക്കുന്നതിന് എ.ഐ സംവിധാനം ഗുണം ചെയ്യും. നിയമലംഘനങ്ങള്‍ നിരീക്ഷിക്കുകയും ട്രാഫിക് പോയന്റ് രേപ്പെടുത്തുകയും ചെയ്യും. തുടക്കത്തില്‍ നിയമലംഘകരുടെ ലൈസന്‍സ് താൽക്കാലികമായി റദ്ദാക്കും. അല്ലെങ്കില്‍ ഡ്രൈവറെ ഡ്രൈവിങ് യോഗ്യതാ കോഴ്സുകളിലേക്ക് റഫര്‍ ചെയ്യുകയോ അഡ്മിനിസ്ട്രേറ്റിവ് വാഹനം കണ്ടുകെട്ടുകയോ ചെയ്യും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കാമറകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയും മനുഷ്യന്റെ ഇടപെടലില്ലാതെ ഡേറ്റ യാന്ത്രികമായി രേഖപ്പെടുത്തുകയും ചെയ്യും. ചിത്രങ്ങള്‍, സ്ഥലങ്ങള്‍, സമയങ്ങള്‍ എന്നിവ ഉപയോഗിച്ച് ലംഘനങ്ങള്‍ രേഖപ്പെടുത്തുന്നതാണ് സവിശേഷത.