സീബിലും ബൗഷറിലും മയക്കുമരുന്ന് വിതരണം; രണ്ടുപേർ പിടിയിൽ
text_fieldsമസ്കത്ത്: സീബ്, ബൗഷർ മേഖലകളിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ട് അറബ് പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ താമസസ്ഥലങ്ങളിലായി 15 ഇടങ്ങളിൽ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച നിലയിൽ ഇവരിൽനിന്ന് കണ്ടെത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കൺട്രോൾ വിഭാഗമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.
പ്രതികളുടെ കൈവശം ക്രിസ്റ്റൽ മെത്ത്, മരിജുവാന, ഹഷീഷ് എന്നിവ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വിൽക്കാനും സ്വന്തം ആവശ്യത്തിനുമായി മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും മയക്കുമരുന്നിനെതിരായ പരിശോധനകളും നടപടികളും ശക്തമായി തുടരുന്നതായും അധികൃതർ അറിയിച്ചു.


