ആശ്വാസപ്പെരുന്നാൾ...
text_fieldsജൂൺ മൂന്നിന് ദുബൈയിലേക്കുള്ള വിമാനത്തിലിരിക്കവേ കാലത്ത് യാത്ര പറയാൻ വിളിച്ചപ്പോൾ സുഹൃത്ത് പാതി തമാശയായി പറഞ്ഞ വാക്കുകൾ ഓർമയിലേക്കെത്തി. ‘ഇനിയിപ്പോ വല്ല അറബ് രാജ്യത്തൊക്കെ തന്നെ കൂടേണ്ടി വരുമോ’ എന്നതായിരുന്നു അത്. ആയിരങ്ങൾ സ്വരാജ്യത്തുനിന്നും പാലായനം ചെയ്യേണ്ടി വരുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് മതേതര രാജ്യമായ നമ്മുടെ ഇന്ത്യ തകർന്നു താഴ്ന്നു പോകുമോ എന്ന ആധിയും ഉത്ക്കണ്ഠയും വേദനയായി അപ്പോൾ ഉള്ളിൽ പടർന്നു. ജാലകത്തിനപ്പുറം അതിരുകളില്ലാതെ പരന്നു കിടക്കുന്ന ആകാശത്തെയും മേഘങ്ങളെയും നോക്കവെ ഇത്തിരി ഭൂമിയിൽ പരസ്പരം കള്ളികളിലാക്കുന്ന മനുഷ്യരെ ഓർത്തു.
ശ്വാസം എടുക്കാൻ ആവാതെ ഭാരം നിറഞ്ഞ ഹൃദയവുമായാണ് ജൂൺ നാലിന് ഉണർന്നെണീറ്റത്. നിലവിലുള്ള ഭരണകൂടത്തിന് ഒരിക്കൽ കൂടി അധികാരം പൂർണമായി കിട്ടിയാൽ നമ്മുടെ രാജ്യത്ത് ഉണ്ടാവാൻ പോകുന്നത് എന്തെല്ലാമായിരിക്കുമെന്നതിൽ മതേതര മനുഷ്യർക്ക് ഒന്നടങ്കം ആശങ്കയുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു ഞാനും. തെരഞ്ഞെടുപ്പ് ഫലം ഈ ആശങ്കക്ക് അൽപ്പം ആശ്വാസം നൽകി.
എന്റെ പെരുന്നാൾ ദിനം നാട്ടിലായാലും ദീർഘകാലം കഴിഞ്ഞ ദുബൈയിൽ ആയാലും വീട്ടിൽ ഒത്തുകൂടുന്ന സുഹൃത്തുക്കൾ അധികവും സഹോദര മതസ്തരായവരാണ്. ബിരിയാണി എന്നത് വലിയൊരു കാര്യമല്ലാത്ത ഇക്കാലത്തും അത് വീട്ടിൽ ഉണ്ടാക്കുന്നതിന്റെ രുചിയെ വാതോരാതെ പുകഴ്ത്തി ആ സുദിനത്തിനായി കാത്തിരിക്കുന്നതും അവരാണ്.
സ്കൂൾ കാലം ഓണാഘോഷങ്ങൾ സുഹൃത്തുക്കളായ മായയുടെയും ഭാവനയുടെയും ജയയുടെയും വീടുകളിൽ ആയിരുന്നു. പെരുന്നാൾ ദിനം അവരെല്ലാം കൂടി എന്റെ പള്ളിക്കുന്നിലുള്ള വീട്ടിലെത്തും. കുഞ്ഞാളുമ്മയുടെ (ഉമ്മയുടെ ഉമ്മ ) നെയ്ച്ചോറും ചിക്കൻ കറിയും അവർ കൊതിയോടെ കാത്തിരിപ്പാവും. കൊച്ചിയിലെ എന്റെ പ്രിയ സുഹൃത്ത് സ്വപ്നയും സജീവും അവരുടെ മക്കളും കഴിഞ്ഞ തവണത്തെ ഓണത്തിന് പനിപിടിച്ചു കിടന്നതിനാൽ അവരുടെ വീട്ടിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ ആവാതെയിരുന്ന എനിക്കും മക്കൾക്കും പാത്രത്തിലാക്കി ഓണ സദ്യ വീട്ടിലെത്തിച്ചവരാണ്!
നമ്മൾ ഇന്ത്യക്കാർക്ക് ഏറിയും കുറഞ്ഞും ഈ ഇടപഴകലും ഇഴചേർന്ന സൗഹൃദങ്ങളും അയൽബന്ധങ്ങളും എല്ലാം തന്നെയാണ് ഓരോ ആഘോഷങ്ങളിലും പറയാനും അയവിറക്കാനും ഉള്ളത്. അയൽവാസിക്ക് ഭക്ഷണം കൊടുക്കാതെ ഒരു ആഘോഷവും പൂർണമാവാത്തവരാണ് നാം. നമ്മൾ ഉയർത്തിപ്പിടിക്കുന്ന മതേതരത്വം, മാനവികത, മനുഷ്യ സ്നേഹം എന്നിവയുടെ തെളിമയാണത്. അത് കെടുത്തിക്കളയാൻ, ഇഴപിരിക്കാൻ ആർക്കും സാധ്യമല്ലാത്ത തരത്തിൽ ഒരു മാലയിലെ മുത്തുകൾ പോലെ ചേർന്നിരിക്കുന്നവരാണ് നമ്മൾ.
ഒരു ഫാഷിസ്റ്റ് ഭരണത്തിനും എക്കാലവും നിലനിൽക്കാനാവില്ല. വിഭജനത്തിലൂടെ ആർക്കും നമ്മെ വേർതിരിക്കാനുമാകില്ല. അതിന്റെ തെളിവാണ് ജൂൺ നാലിന് നാം കണ്ടത്. അതുകൊണ്ട് തന്നെ ഈ പെരുന്നാൾ പുലരിക്ക് ഒരു അഭിമാനത്തിളക്കമുണ്ട്. മതാതീത ഇന്ത്യയിൽ ഇനിയുള്ള ആഘോഷങ്ങളും നാം ഒത്തൊരുമയോടെ തന്നെ ആഘോഷിക്കും!