തെരഞ്ഞെടുപ്പ് പ്രചാരണവും കൊട്ടിക്കലാശവും
text_fields‘തെരഞ്ഞെടുപ്പുകൾ വരും, പോകും. പക്ഷെ രാഷ്ട്രീയം പറയേണ്ടത് വികസനത്തിലൂടെയാകണം. ജയിക്കുന്നവർ ഏത് പക്ഷക്കാരായാലും, തോറ്റവരെ കൂടി ചേർത്തുപിടിച്ച് നാടിന്റെ നന്മക്കായി ഒന്നിച്ചുനിൽക്കണം. സാധാരണക്കാരുടെ ജീവിത നിലവാരം ഉയരുന്ന, അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുന്ന മാറ്റങ്ങളാണ് വരേണ്ടത്..’
തെരഞ്ഞെടുപ്പുകാലം എന്ന് കേൾക്കുമ്പോൾ പ്രവാസിയായ എന്റെ മനസ്സ് വണ്ടി കയറുന്നത് നാട്ടിലേക്കാണ്. ഓർമകളുടെ ഒരു ഘോഷയാത്ര തന്നെ അപ്പോൾ മനസ്സിലൂടെ കടന്നുപോകും. അതിൽ ഏറ്റവും തെളിഞ്ഞുനിൽക്കുന്നത് ‘കൊട്ടിക്കലാശം’ തന്നെയാണ്. പരസ്യപ്രചാരണത്തിന്റെ അവസാനദിവസം, നാട്ടിലെ പ്രധാന കവലയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒത്തുചേരുന്ന ആ വൈകുന്നേരം. പണ്ട് അത് ഇരുചേരികൾ ആയിരുന്നെങ്കിൽ ഇന്ന് മൂന്ന് ചേരികൾ ആയിട്ടുണ്ടാവും. എങ്കിലും, കൊട്ടും പാട്ടും വാദ്യമേളങ്ങളുമായി മത്സരിച്ച് ശക്തി തെളിയിക്കുമ്പോഴും പരസ്പരമുള്ള ബഹുമാനം കാത്തുസൂക്ഷിക്കാൻ നമ്മുടെ നാട്ടുകാർക്ക് എന്നും അറിയാം. ആർപ്പുവിളികൾക്കും മുദ്രാവാക്യങ്ങൾക്കും ഇടയിലും സൗഹൃദം പങ്കിടുന്ന എതിർചേരിയിലുള്ളവരെ കാണുമ്പോൾ മനസ്സിലാകും, അതാണ് നമ്മുടെ നാടിന്റെ ഐക്യം.
‘മിനി ഗൾഫ്’ എന്നറിയപ്പെടുന്ന തൃശൂരിന്റെ തീരപ്രദേശമായ ചാവക്കാട്ടെ പുന്നയാണ് എന്റെ നാട്. ഗൾഫിലെ ഈ ജോലിത്തിരക്കിനും ആവർത്തനവിരസതക്കുമിടയിൽ നാട്ടിലെ തെരഞ്ഞെടുപ്പ് കാലം നൽകുന്ന ഉണർവ് ചെറുതല്ല. പ്രവാസിയായ ശേഷം ആ ആരവങ്ങൾ ശരിക്കും മിസ് ചെയ്യുന്നുണ്ട്.
മേലെ കോളാമ്പി കെട്ടി, പതുക്കെ നീങ്ങുന്ന ജീപ്പും അതിലൂടെ ഒഴുകിവരുന്ന ഗാംഭീര്യമുള്ള അനൗൺസ്മെന്റുകളും രസകരമായ പാരഡി പാട്ടുകളും തെരഞ്ഞെടുപ്പിന്റെ മാത്രം പ്രത്യേകതയാണ്. അന്നത്തെ ഹിറ്റ് സിനിമാപ്പാട്ടുകളുടെ ഈണത്തിൽ, സ്വന്തം പാർട്ടിയുടെ വികസനവും എതിർ പാർട്ടിയുടെ പോരായ്മകളും കോർത്തിണക്കി പാട്ടുണ്ടാക്കുന്നത് നിസ്സാര പണിയല്ല. നമ്മുടെ നാട്ടിൽ ഇത്രയേറെ ‘കവികൾ’ ഒളിഞ്ഞിരിപ്പുണ്ടെന്ന് തെളിയിക്കുന്ന കാലം കൂടിയാണിത്.
‘നിങ്ങളുടെ സമ്മതിദാനാവകാശം... നമ്മുടെ ചിഹ്നം...’ എന്ന അനൗൺസ്മെന്റുകൾ ഇടവഴികളിൽ അലയടിക്കുന്നുണ്ടാകും. നാട്ടിലെ മതിലുകളെല്ലാം പോസ്റ്ററുകൾ കൊണ്ടും ചുവരെഴുത്തുകൾ കൊണ്ടും നിറയും. കറുത്ത ടാറിട്ട റോഡുകളും കവലകളും വെള്ള കുമ്മായം കൊണ്ട് വരച്ച ചിഹ്നങ്ങളും എഴുത്തുകളും വഴി നീണ്ട കാൻവാസ് ആയി മാറും. കവികൾ മാത്രമല്ല, എത്രയോ ചിത്രകാരന്മാരും നമ്മുടെ നാട്ടിലുണ്ടെന്ന് അന്നാണ് നാം തിരിച്ചറിയുക.
തെരഞ്ഞെടുപ്പ് കാലം സന്തോഷത്തിന്റെ നാളുകൾ കൂടിയാണ്. എവിടെ നോക്കിയാലും ചിരിച്ച മുഖങ്ങൾ മാത്രം. ഫ്ലക്സുകളിൽ ചിരിച്ചുനിൽക്കുന്ന സ്ഥാനാർഥികൾ. സ്വന്തക്കാരെ പോലെ വീടുകളിൽ കയറിയിറങ്ങി കുശലം പറയുന്ന നേതാക്കന്മാർ. അങ്ങനെ മനസ്സിൽ തങ്ങിനിൽക്കുന്ന എത്രയെത്ര നല്ല ഓർമകൾ.
തെരഞ്ഞെടുപ്പുകൾ വരും, പോകും. പക്ഷെ രാഷ്ട്രീയം പറയേണ്ടത് വികസനത്തിലൂടെയാകണം. ജയിക്കുന്നവർ ഏത് പക്ഷക്കാരായാലും, തോറ്റവരെ കൂടി ചേർത്തുപിടിച്ച് നാടിന്റെ നന്മക്കായി ഒന്നിച്ചുനിൽക്കണം. വികസനം എന്നാൽ വെറും റോഡ് ടാറിങ്ങിലോ കെട്ടിടനിർമ്മാണത്തിലോ ഒതുങ്ങരുത്. സാധാരണക്കാരുടെ ജീവിത നിലവാരം ഉയരുന്ന, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുന്ന മാറ്റങ്ങളാണ് വരേണ്ടത്. കടൽ കടന്നുപോയവർക്കും അഭിമാനിക്കാൻ പാകത്തിൽ നമ്മുടെ ചാവക്കാടും പുന്നയും ഇനിയും വളരട്ടെ.


