പ്രവാസകാലത്തെ നല്ലോര്‍മകളുമായി മത്രക്കാരുടെ അനില്‍ ഭായി നാടണയുന്നു
text_fieldsമത്ര: നാല് പതിറ്റാണ്ടിനടുത്ത പ്രവാസജീവിതം നല്കിയ നല്ലോര്‍മകളുമായി മത്രക്കാരുെട അനില്‍ ഭായി നാടണയുന്നു. കണ്ണൂര്‍ കണ്ണോത്തുംചാല്‍ സ്വദേശിയായ അനില്‍ 1987ലാണ് മുംെബെയില്‍നിന്ന് വിമാനം കയറി പ്രവാസിയായത്. മത്രയിലുണ്ടായിരുന്ന ബുറാംകോ എന്ന വിഡിയോ കാസറ്റ് കടയിലാണ് തുടക്കത്തില്‍ 14 വര്‍ഷക്കാലം ജോലി ചെയ്തത്. വാസുഭായി എന്ന ഗുജറാത്തി പ്രമുഖന്റെ സ്ഥാപനമായിരുന്നു.
ആ സ്ഥാപനത്തിലൂടെയാണ് ഒമാനിലങ്ങോളമിങ്ങോളമുണ്ടായിരുന്ന സിനിമാ കൊട്ടകളിലേക്ക് സിനിമാപെട്ടികള്‍ എത്തിച്ചിരുന്നത്. സ്വദേശികളുമായി വളരെ അടുത്ത് ഇടപഴകിയുള്ള ജീവിതമായിരുന്നു അന്ന്. ഹിന്ദി, മലയാളം സിനിമകളുടെ കാസറ്റുകള്‍ വാടകക്ക് ധാരാളമായി ആളുകള്‍ ഉപയോഗിക്കുന്ന കാലമായിരുന്നു. റസ്ലിങ് കാസറ്റുകളും ഹിന്ദി സിനിമകളുമാണ് സ്വദേശികള്‍ക്ക് വേണ്ടത്. ഒരുദിവസത്തേക്ക് 500 ബൈസ നിരക്ക് വാടക ഈടാക്കിയാണ് കാസറ്റുകള്‍ നല്‍കിയിരുന്നത്.
കാലം മാറി സീഡികളും പെന്‍ഡ്രൈവുകളും സ്മാര്‍ട്ട് ഫോണുകളും അടങ്ങുന്ന ഡിജിറ്റല്‍ യുഗം ആരംഭിച്ചതോടെ കാസറ്റുകള്‍ അപ്രത്യക്ഷമാവുകയും കാസറ്റ് കടയിലെ ജോലി മാറുകയുമാണുണ്ടായത്. തുടര്‍ന്ന് മത്രയില്‍ തന്നെയുള്ള ഐ.എന്‍.ടി എന്ന ഒമാനി കന്തൂറത്തുണികള് വില്‍ക്കുന്ന മൊത്തവിതരണ സ്ഥാപനത്തിലേക്ക് ജോലി മാറി. ഡ്രൈവിങ് ലൈസന്‍സ് നേടി ഒമാന്റെ വിവിധ ഉള്‍പ്രദേശങ്ങളിലൊക്കെ പോയി കച്ചവടം ചെയ്തു. സുല്‍ത്താന്‍ നാടിനെയും നാട്ടുകാരെയും അടുത്തറിഞ്ഞു. സ്നേഹിക്കാന്‍ മാത്രമറിയുന്ന സ്വദേശികളാണ് ഒമാനികള്‍ എന്നതാണ് എടുത്തുപറയാനുള്ളത്.
ഇത്രയും കാലത്തെ ജീവിതത്തിനിടക്ക് ഇവിടെ ഒരൊറ്റ ദുരനുഭവം പോലും നേരിടേണ്ടി വന്നിട്ടില്ല. സ്വന്തം നാട് പോലെ സ്വാതന്ത്ര്യത്തോടെ കഴിഞ്ഞുകൂടി. ഒരു അല്ലലുമില്ലാതെ ജീവിക്കാന്‍ പറ്റിയ സുന്ദരനാടാണ് ഒമാന്‍. വന്നിറങ്ങിയത് മുതൽ മത്രയിലാണ് വാസം എന്നതിനാല്‍ പ്രവാസത്തിന്റെ യാതൊരു വിരസതയും അനുഭവിക്കേണ്ടി വന്നിട്ടില്ല. മലയാളികള്‍ ധാരാളമുള്ള മത്രയെ ഹോം ടൗൺ പോലെയാണ് അനുഭവിച്ചത്.
സാമൂഹിക, സാംസ്കാരിക മേഖലകളില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതും സൗഭാഗ്യമായി. ഒ.ഐ.സി.സി മത്രയുടെ തുടക്കക്കാരനും സ്ഥാപക പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്നു.ആരോഗ്യപരമായ കാരണങ്ങളാണ് ഒമാനോട് വിടചൊല്ലേണ്ടിവരുന്നത്. ശിഷ്ടകാലം നാട്ടില്‍ കഴിയുമ്പോഴും മെച്ചപ്പെട്ട ജീവിത സാഹചര്യവും സമ്പാദ്യവും നല്കിയ ഒമാനെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് അനില്‍ നന്ദിയോടെ പറയുന്നു. ഭാര്യയും രണ്ട് ആണ്മക്കളും അടങ്ങുന്നതാണ് കുടുംബം. വെള്ളിയാഴ്ചക്കുള്ള കണ്ണൂര്‍ വിമാനത്തിലാണ് നാടണയുന്നത്.