Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒടുവിൽ ആശ്വാസം! എയർ...

ഒടുവിൽ ആശ്വാസം! എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് കോഴിക്കോട്, കൊച്ചി സർവിസുകൾ പുനരാരംഭിക്കുന്നു

text_fields
bookmark_border
ഒടുവിൽ ആശ്വാസം! എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് കോഴിക്കോട്, കൊച്ചി സർവിസുകൾ പുനരാരംഭിക്കുന്നു
cancel

മസ്കത്ത്: ഒമാനിലെ പ്രവാസി മലയാളികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ് പ്രസ് മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും പുനരാരംഭിക്കുന്നു. മസ്കത്തിൽനിന്ന് കോഴി​ക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള സർവിസുകൾ മെയ് അഞ്ചു മുതൽ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഒരു മാസത്തിലേറെയായി ഈ സർവിസുകൾ റദ്ദാക്കിയ നിലയിലായിരുന്ന​ു.

കേരളത്തിലേക്ക് കണ്ണൂർ, തിരുവനന്തപുരം സർവിസുകൾ ഏപ്രിൽ ആദ്യത്തിൽ പുനരാരംഭിച്ചെങ്കിലും കോഴിക്കോട്, കൊച്ചി സർവിസുകളെ എയർ ഇന്ത്യതഴയുകയായിരുന്നു. പ്രവാസികളുടെ പ്രതിഷേധം കനക്കുന്നതിനിടെയാണ് പ്രസ്തുത സർവിസുകൾ പുനരാരംഭിക്കുന്നത്. ഒമാനിൽ സ്കൂൾ അവധിക്കാലം കൂടി ആരംഭിക്കാനിരിക്കുന്നതിനാൽ കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും മസ്കത്തിൽനിന്ന് പുനരാരംഭിക്കുന്നത് പ്രവാസികൾക്ക് സഹായകരമാവും. അതേസമയം, സലാല സർവിസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഒരറിയിപ്പും ഇതുവരെ എയർ ഇന്ത്യ എക്സ്പ്രസ് പുറപ്പെടുവിച്ചിട്ടില്ല.

മേയ് അഞ്ചു മുതൽ എല്ലാ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് കോഴിക്കോട്ടേക്കുള്ള സർവിസ്. മസ്കത്തിൽനിന്ന് ഉച്ചക്ക് രണ്ടിന് പുറപ്പെടുന്ന എയർ ഇന്ത്യ IX 338 രാത്രി 7.10ന് കോഴിക്കോടെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 8.25ന് പുറപ്പെടുന്ന IX 442 കൊച്ചി സർവിസ് ഉച്ചക്ക് 1.45ന് കൊച്ചിയിലെത്തും.

മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും റദ്ദാക്കിയതായി മാർച്ച് മൂന്നാം വാരത്തിൽ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിരുന്നു. മാര്‍ച്ച് 28 വരെ മുംബൈ, ഡൽഹി സർവിസുകൾ മാത്രമാണ് മസ്കത്തിൽനിന്ന് നടത്തിയത്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള എല്ലാ സര്‍വിസുകളും റദ്ദാക്കിയിരുന്നു. പിന്നീട് ഏപ്രിൽ ഒന്നു മുതലുള്ള ഷെഡ്യൂളിൽ കണ്ണുർ സർവിസ് ഉൾപ്പെടുത്തി. ഇതിനു പിന്നാലെയാണ് ഏപ്രിൽ അഞ്ചു മുതൽ 30 വരെയുള്ള ഷെഡ്യൂളിൽ തിരുവനന്തപുരം സർവിസ് കൂടി ഉൾപ്പെടുത്തിയത്. മസ്കത്തിൽനിന്ന് പുനരാരംഭിക്കുന്ന കോഴിക്കോട്, കൊച്ചി സർവിസുകൾക്ക് പുറമെ, കണ്ണൂർ, തിരുവനന്തപുരം, മുംബൈ, ഡൽഹി സെക്ടറുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ തുടരും. നിലവിൽ കണ്ണൂരിലേക്ക് തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവിസ്. രാത്രി 8.10ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 1.20ന് കണ്ണൂരിലെത്തും. ഇതേ ദിവസങ്ങളിൽ രാത്രി 11. 25ന് മസ്കത്തിൽ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സർവിസ് പുലർച്ചെ 4.55 ന് തിരുവനന്തപുരത്തെത്തും. മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് ദിനേന സർവിസുകളുണ്ട്.

Show Full Article
TAGS:air India Express Muscat Kozhikode Kochi 
News Summary - Finally, relief! Air India Express resumes services from Muscat to Kozhikode and Kochi
Next Story