ഇന്ത്യയിലെ ബാങ്കുകളിൽ അവകാശികളെ കാത്ത് കോടികൾ
text_fieldsഇന്ത്യൻ പാർലമെൻറിൽ പറഞ്ഞ കണക്കുപ്രകാരം ഇന്ത്യയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന തുക 67000 കോടിയിൽ അധികമാണ്. പ്രവാസികൾ ഉൾപ്പടെ ഉള്ള ഇടപാടുകാരുടെ തുകയാണിത്. ഇത് ബാങ്കുകളെയും സർക്കാറിനെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. ഇത് തിരികെ കൊടുക്കാൻ വേണ്ടിയുള്ള നടപടികളുമായി കേന്ദ്ര ധനകാര്യവകുപ്പ് രംഗത്തുവന്നിട്ടുണ്ട്. ഇതുപ്രകാരം 2025 ഒക്ടോബർ മുതൽ ഡിസംബർ വരെ രാജ്യത്തെ എല്ലാ ജില്ലകളിലും ഇതിനുവേണ്ടിയുള്ള ക്യാമ്പുകൾ ആർ.ബി.ഐ സംഘടിപ്പിട്ടുണ്ട്. ‘യുവർ മണി, യുവർ റൈറ്റ് ’ എന്നതാണ് കാമ്പയിന്റെ പേര്. ഇതിൽ ബാങ്ക് ഡെപ്പോസിറ്റുകൾ, ഇൻഷുറൻസ് പോളിസി തുകകൾ, മ്യൂച്ചൽ ഫണ്ടുകൾ തുടങ്ങി അവകാശികൾ ഇല്ലാതെ കെട്ടിക്കിടക്കുന്ന എല്ലാ തുകകളും ഉൾപ്പെടും. ഇത്തരം ക്യാമ്പുകളിൽ പങ്കെടുത്ത് നിങ്ങളുടെ തുക ഇതിൽ ഉണ്ടോ എന്ന് പരിശോധിക്കുക.
ഇത് എങ്ങനെ സംഭവിക്കുന്നു?
10 വർഷത്തിലധികം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഇടപാടുകൾ നടത്തിയില്ലെങ്കിൽ അത്തരം അക്കൗണ്ടിലെ തുക ബാങ്കുകൾ ഭാരതീയ റിസർവ് ബാങ്കിലേക്ക് മാറ്റും. ഡെപ്പോസിറ്റേഴ്സ് എജുക്കേഷൻ അവെയർനെസ് (ഡി.ഇ.എ) ഫണ്ട് എന്ന അക്കൗണ്ടിലേക്കാണിത് മാറ്റുന്നത്. നിങ്ങളുടെ അവകാശപ്പെടാത്ത സേവിങ്സ് ബാങ്ക്, കറൻറ് അക്കൗണ്ട്, സ്ഥിര നിക്ഷേപങ്ങൾ എന്നിവയിലെ തുക ഇതിൽപെടുന്നു. കാലാവധി നിക്ഷേപങ്ങൾ കാലാവധി എത്തി 10 വർഷത്തിനകം ബാങ്കിൽനിന്ന് വാങ്ങിയില്ലെങ്കിൽ മേൽപറഞ്ഞ അക്കൗണ്ടിലേക്ക് മാറ്റും. ഇങ്ങനെയുള്ള തുകകളിൽ ഒരു നല്ല ശതമാനവും അക്കൗണ്ട് ഉടമ മരണപ്പെട്ടുപോയതോ അല്ലെങ്കിൽ നിക്ഷേപത്തെപ്പറ്റി മറന്നുപോയതോ ആകാം.
ഇന്നത്തെ സാഹചര്യത്തിൽ വിവിധ കാരണങ്ങളാൽ പല ബാങ്കുകളിലും ആളുകൾ ഒന്നിലധികം നിക്ഷേപം നടത്താറുണ്ട്. അതുപോലെതന്നെ പല ലൈഫ് ഇൻഷുറൻസ് കമ്പനികളിലും അവകാശികൾ ഇല്ലാതെയുള്ള ലൈഫ് ഇൻഷുറൻസ് തുക 27000 കോടിയിൽ അധികമാണ്. ഇങ്ങനെ ബാങ്കുകളിലെ നിക്ഷേപങ്ങൾ അല്ലെങ്കിൽ ഇൻഷുറൻസ് പോളിസി തുക തിരികെ കിട്ടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നത് നമ്മൾ തന്നെ ആണെന്ന് തിരിച്ചറിയുക. കുടുംബത്തിലെ മറ്റംഗങ്ങളെ അറിയിക്കാതെ രഹസ്യമായി സമ്പാദിക്കുന്ന തുകയും അവരുടെ പെട്ടെന്നുള്ള വിയോഗത്തിൽ ഇങ്ങനെ അവകാശികളില്ലാതെ കിടക്കുന്നതിൽപ്പെടും.
എങ്ങനെ കണ്ടുപിടിക്കാം?
ഇങ്ങനെ ബാങ്കുകളിലെ അവകാശികൾ ഇല്ലാതെ കിടക്കുന്ന തുകയിൽ നിങ്ങളുടെ തുക ഉണ്ടോ എന്നറിയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരുക്കിയിരിക്കുന്ന സംവിധാനമാണ് അൺ ക്ലെയിംഡ് ഡെപ്പോസിറ്റ്സ്-ഗേറ്റ് വേ ടു അക്സസ് ഇൻഫർമേഷൻ (UDGAM). ആർ.ബി.ഐയുടെ ഈ വെബ്സൈറ്റിൽ (https://udgam.rbi.org.in/unclaimed-deposit) പരിശോധിച്ചാൽ ഇങ്ങനെയുള്ള ഡെപ്പോസിറ്റിനെ പറ്റിയുള്ള വിവരം കിട്ടും. ഇന്ത്യയിലെ 30 ബാങ്കുകളിലെ ഡെപ്പോസിറ്റുകളുടെ വിവരം ഇതിൽ കിട്ടും. ഇതിനുപുറമെ നിങ്ങളുടെ ബാങ്കിനെയും നേരിട്ട് സമീപിക്കാം. തിരിച്ചറിയൽ രേഖ-അതായത് കെവൈ.സി രേഖകൾ, പാൻ നമ്പർ, ഡ്രൈവിങ് ലൈസൻസ് നമ്പർ, വോട്ടേഴ്സ് ഐഡി, ജനന തീയതി-ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
ഇങ്ങനെയുള്ള ഡെപ്പോസിറ്റ് ഉണ്ടെന്നു കണ്ടാൽ ഈ ഡെപ്പോസിറ്റ് ഉള്ള ബാങ്കിനെ സമീപിച്ചാൽ ഇത്തരം ഡെപ്പോസിറ്റ് പലിശ സഹിതം തിരികെ കിട്ടാനുള്ള നടപടികൾ ബാങ്കുകൾ സ്വീകരിക്കും. ഇപ്പോൾ തന്നെ എട്ടുലക്ഷത്തിൽ അധികം ആളുകൾ ഈ സൗകര്യം പ്രയാജനപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. പ്രവാസികൾ ഉൾപ്പെടെയുള്ള ആളുകൾ ഇത് പരമാവധി പ്രയോജനപ്പെടുത്തണം. കഷ്ടപ്പെട്ടുണ്ടാക്കുന്ന സമ്പാദ്യം ഇങ്ങനെ അന്യാധീനമാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.
ഇതെങ്ങനെ ഒഴിവാക്കാം?
ബാങ്കുകൾക്കും അതേപോലെതന്നെ സർക്കാറിനും വലിയ തലവേദന ഉണ്ടാക്കുന്ന ഒരു സംഗതിയാണിത്. ഇതൊഴിവാക്കാനുള്ള ചില മാർഗങ്ങൾ താഴെ പറയുന്നു
1. ബാങ്കുകളിലെ അക്കൗണ്ടുകൾ കഴിയുന്നതും ജോയന്റ് അക്കൗണ്ടായി തുടങ്ങുക. ഒരു അക്കൗണ്ട് ഉടമയുടെ അഭാവത്തിൽ രണ്ടാമത്തെ ആൾക്ക് അക്കൗണ്ടിലെ ഇടപാടാണ് തുടരാം.
2. നിർബന്ധമായും എല്ലാ അക്കൗണ്ടുകളിലും അവകാശികളെ വെക്കുക.(Nomination). നോമിനേഷൻ വെച്ചാലും നോമിനി അറിയാതെ പോയാൽ, അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ മേൽപ്പറഞ്ഞ സംഭവം ഉണ്ടാകാം. അതും ശ്രദ്ധിക്കുക. ഇപ്പോൾ ടെപ്പോസിറ്റ് അക്കൗണ്ടുകൾക്ക് നാലുവരെ അവകാശികളെ വെക്കാൻ പറ്റുന്ന നിയമം വന്നിട്ടുണ്ട്. നോമിനേഷൻ വെക്കുന്നതിന് നോമിനിയുടെ സമ്മതം ആവശ്യമില്ല. അതുകൊണ്ടുതന്നെ എപ്പോൾ വേണമെങ്കിലും അവകാശികളെ മാറ്റാനുള്ള സൗകര്യവും ഉണ്ട്
3. നിങ്ങളുടെ മേൽവിലാസം, ഇ-മെയിൽ, ഫോൺ നമ്പർ ഇവ ബാങ്കുകളുടെ രേഖയിൽ അപ്ഡേറ്റ് ചെയ്യുക. പ്രത്യേകിച്ച് വിദേശങ്ങളിൽ ഉള്ളവരും വാടക വീടിന്റെ അഡ്രസ് കൊടുത്തിരിക്കുന്നവരും.
4. അക്കൗണ്ട് ഉടമ മരണപ്പെടുമ്പോൾ ആ വിവരം ബാങ്കിനെ അറിയിക്കുകയും അനന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യുക.
5. ദീഘകാല പദ്ധതികളായ ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നോമിനേഷൻ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ഒപ്പം അഡ്രസ് അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക.
6. ഡീമാറ്റ് അക്കൗണ്ടുകളിൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുക. ഇതിലും നോമിനേഷൻ ഉണ്ടെന്ന് ഉറപ്പാക്കുക.
7. മ്യൂച്ചൽ ഫണ്ടുകൾ ഡീമാറ്റ് ആയി വാങ്ങാൻ ശ്രമിക്കുക. ഓഹരി നിക്ഷേപം, മ്യൂച്ചൽ ഫണ്ട് നിക്ഷേപം എന്നിവക്ക് പൊതുവെ കാലാവധി ഇല്ലാത്തതിനാൽ നോമിനേഷൻ നടത്തുന്നതിനോടൊപ്പം അഡ്രസ് അപ്ഡേറ്റ് ചെയ്യുക.
8. കടപ്പത്രങ്ങൾ, എൻ.സി.ഡി എന്നിവ വാങ്ങുന്നവർ ഡീമാറ്റ് ഫോമിൽ വാങ്ങുക.
9. നിങ്ങളുടെ നിക്ഷേപ വിവരങ്ങൾ എവിടെയെങ്കിലും എഴുതി സൂക്ഷിക്കുക. നിങ്ങളുടെ അഭാവത്തിൽ നിങ്ങളുടെ അവകാശികൾക്ക് കിട്ടുന്ന തരത്തിൽ ഇത് സൂക്ഷിക്കുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
10. ഡിജി ലോക്കർ പോലുള്ള പ്ലാറ്റ്ഫോമിൽ നിങ്ങളുടെ നിക്ഷേപ വിവരങ്ങൾ, ഇൻഷുറൻസ് പോളിസികൾ ഉൾപ്പെടെ സൂക്ഷിക്കുക.
11. ബാങ്ക് ലോക്കറുകൾക്ക് നിർബന്ധമായും നോമിനേഷൻ വെക്കുക.
നോമിനേഷൻ വൈക്കുന്നതുകൊണ്ട് അവകാശികൾക്ക് തുക ലഭിക്കാൻ വളരെ എളുപ്പമാണ്. നോമിനേഷൻ ഇല്ലാത്തപക്ഷം, തുക തിരികെ ലഭിക്കാൻ ധാരാളം ചെലവുകൾ ഉണ്ടെന്നു മാത്രമല്ല പലവിധ രേഖകൾ ബാങ്കിൽ സമർപ്പിക്കേണ്ടതായിട്ടുണ്ട്. വളരെ ശ്രമകരവും സമയം എടുക്കുന്നതുമായ ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ നടപടികൾ സ്വീകരിക്കണം.


