കാരറ്റ് പോള, ഹാഫ് മൂൺ ചിക്കൻ രുചിക്കൂട്ടുകളുടെ കലവറയായി ഭക്ഷ്യ സ്റ്റാളുകൾ
text_fieldsകാർണിവൽ നഗരിയിലെ ഫുഡ് കൗണ്ടറുകളിൽ അനുഭവപ്പെട്ട തിരക്ക്
മസ്കത്ത്: സോക്കർകാർണിവലിനോടനുബന്ധിച്ച് ഒരുക്കിയ ഭക്ഷ്യ സ്റ്റാളുകൾ രുചിക്കൂട്ടുകളുടെ കലവറയായി. ഒന്നു മുതൽ എട്ടു വരെ കൗണ്ടറുകളിലാണ് ഫുട്ബാൾ ആവേശത്തിനൊപ്പം ഭക്ഷ്യ പ്രേമികൾക്ക് ആവേശം പകരുന്ന രുചിക്കൂട്ടുകൾ എത്തിയത്. കാർണിവൽ തുടങ്ങിയത് മുതൽ എല്ലാ കൗണ്ടറുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഫുഡ് ബുക് കൗണ്ടറിൽ അടിച്ചായ മുതൽ തട്ട് ദോശ വരെയുള്ള വിഭവങ്ങളും ലഭ്യമായിരുന്നു.
അൽ ഫൈഹ കൗണ്ടറിൽ വിവിധ തരം ഫ്രഷ് ജ്യൂസുകളും എത്തിയിരുന്നു.കാർണിവൽ നഗരിയിലെ ഒന്നാം കൗണ്ടറിൽ 20 ലധികം ഭക്ഷ്യ വിഭവങ്ങളാണ് നിരന്നത്. ചിക്കൻ റോൾ, ഫിസ, പപ്സ്, ഇറച്ചി പത്തിരി, കൂന്തൽ നിറച്ചത്, ചിക്കൻ റോൾ, ചെമ്മീൻ ഉണ്ട, കസ്മാസ്, ഹാഫ് മൂൺ ചിക്കൻ, കട്ലറ്റ്, ഉന്നക്കായ, മുട്ടമാല തുടങ്ങിയ ഇനങ്ങളാണ് ഇവിടെ നിരന്നത്. രണ്ടാം കൗണ്ടറിൽ ഉപ്പിലിട്ട ഇനങ്ങളും ജ്യൂസുകളും സർബത്തുകളും വാങ്ങുന്നവരുടെ തിരക്കായിരുന്നു. മാങ്ങ നെല്ലിക്ക, പൈനാപ്പിൾ എന്നിവ ഉപ്പിലിട്ടതും പ്രധാന ആകർഷണമായിരുന്നു.
മൂന്നാം കൗണ്ടറിൽ ന്യൂട്ടല്ല ബ്രൗണി, പാനീ പൂരി, മുട്ടമാല, നെയ്യപ്പം നിറച്ചത്, ബന്ന് നിറച്ചത് എന്നീ ഇനങ്ങൾ ലഭ്യമായിരുന്നു. അഞ്ചാമത്തെ കൗണ്ടറിൽ വിവിധ ഇനം കേക്കുകളാണ് കാര്യമായി ഉണ്ടായിരുന്നത്. അഞ്ചു തരം കേക്കുകൾകൊപ്പം കണ്ടൈനർ കേക്കുകളും കേക് ടോപ്പറുകളും ലഭ്യമായിരുന്നു. ആറാമത്തെ കൗണ്ടറിൽ ഉണ്ണിയപ്പമാണ് നിറഞ്ഞ് നിന്നത്. വൈവിധ്യ രുചിയുമായി ചെമ്മീൻ ഉണ്ട, കാരറ്റ് പോള, ചിക്കൻ റോൾ എന്നീ വിഭവങ്ങളുമുണ്ടായിരുന്നു. ഏഴാം കൗണ്ടറിന്റെ പേര് തന്നെ വന്നോളീം തിന്നോളീം എന്നായിരുന്നു. മുട്ട പഫ്, ജാർ കേക്ക്, മാങ്ങ ഉപ്പിടലിട്ടത്, നെല്ലിക്ക ഉപ്പിലിട്ടത്, പുഡ്ഡിങ്, സംഭാരം അടക്കം 15 ഇനം വിഭവങ്ങൾ ഉണ്ടായിരുന്നു. മിനി പിസ, പിടിയും കോഴിയും, കപ്പ ബിരിയാണി അടക്കം നിരവധി ഇനങ്ങൾ കൗണ്ടറിൽ നിറഞ്ഞിരുന്നു.
ഭക്ഷ്യേതര ഇനങ്ങളുടെ കൗണ്ടറിൽ 11ാം കൗണ്ടറിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. മുഖത്ത് വിവിധ തരം ചിത്രങ്ങളും വർണങ്ങളും ചാലിക്കാൻ കുട്ടികളുടെ വൻ പടയെത്തിയിരുന്നു ഇവിടെ. 12ാം നമ്പർ ഹെന്ന കൗണ്ടറായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും കൈകളിൽ മനോഹരമായ രീതിയിൽ മൈലാഞ്ചി ഇടുന്നതായിരുന്നു ഹെന്ന കൗണ്ടർ. ഹെന്ന ട്യൂബുകളുടെയും കുട്ടികളുടെ ഇനങ്ങളും ഇവിടെ വിൽപനക്കെത്തിയുന്നു. കീചെയ്നുകളും മൈലാഞ്ചി ഉൽപന്നങ്ങളുമായിരുന്നു 14 ാം കൗണ്ടറിൽ. വൈവിധ്യങ്ങൾ നിറഞ്ഞ കൗണ്ടറുകൾ ഫുട്ബാൾ മത്സരത്തെ തികച്ചും ഉത്സവ ലഹരിയിലേക്ക് എത്തിച്ചു. കാർണിവൽ നഗരിയിലെ പ്രധാന ആകർഷണവും സൗന്ദര്യവും ഭക്ഷ്യ കൗണ്ടറുകളും അനുബന്ധ കൗണ്ടറുകളും തന്നെയായിരുന്നു.