Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹുർമുസ് പ്രതിസന്ധി:...

ഹുർമുസ് പ്രതിസന്ധി: ഒമാൻ- ഇന്ത്യൻ വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഹുർമുസ് പ്രതിസന്ധി: ഒമാൻ- ഇന്ത്യൻ വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി
cancel

മസ്കത്ത്: ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതഗാത പ്രതിസന്ധിയടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറും ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും മസ്കത്തിൽ വെച്ച് നിർണായക കൂടിക്കാഴ്ച നടത്തി. ഹോർമുസ് കടലിടുക്കിലെ സമുദ്ര സുരക്ഷക്ക് പുറമെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതും പശ്ചിമേഷ്യയിലെ പുതിയ സംഘർഷ സാഹചര്യങ്ങളും ചർച്ചയിൽ പ്രധാന വിഷയങ്ങളായി.

സൗഹൃദ രാജ്യങ്ങളായ ഒമാനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ബന്ധം വിലയിരുത്തിയ ഇരുമന്ത്രിമാരും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം സുദൃഢമാക്കാനുള്ള വഴികൾ ആരായുകയും ചെയ്തതായി ഒമാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വാർത്താകുറിപ്പിൽ വ്യക്തമാക്കി. വ്യാപാരം, നിക്ഷേപം, ഊർജം, ലോജിസ്റ്റിക്സ് സേവനങ്ങൾ, ആധുനിക സാങ്കേതികവിദ്യകൾ തുടങ്ങിയ പ്രധാന മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ആശയങ്ങൾ പങ്കുവെച്ചു.

ഇരുരാജ്യങ്ങളിലെയും കമ്പനികൾ തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കേണ്ടതു സംബന്ധിച്ചും പൊതുവായ സാമ്പത്തിക താൽപര്യങ്ങളെയും പുതിയ അവസരങ്ങളെയും പിന്തുണക്കുന്ന മികച്ച നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആഗോള വ്യാപാരം, ഊർജ വിതരണം, സപ്ലൈ ചെയിൻ എന്നിവയിൽ ഹുർമുസിലെ പ്രതിസന്ധി ചെലുത്തുന്ന സ്വാധീനവും ഉൾപ്പെടെയുള്ള നിരവധി പ്രാദേശിക-അന്തർദേശീയ വിഷയങ്ങളിൽ ഇരുമന്ത്രിമാരും ആശയവിനിമയം നടത്തി.

പ്രാദേശിക സംഭവവികാസങ്ങളിൽ നിരന്തരം ഏകോപനവും കൂടിയാലോചനയും തുടരേണ്ടതിന്റെ പ്രാധാന്യം ഇരു മന്ത്രിമാർ ഊന്നിപ്പഞ്ഞു. നിലവിലെ സംഘർഷങ്ങളുടെ ആഘാതം കുറക്കുന്നതിനൊപ്പം എല്ലാ കക്ഷികൾക്കുമിടയിൽ ധാരണയും സഹകരണവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാനപരമായ ശ്രമങ്ങൾക്ക് പിന്തുണ ഇരുപക്ഷവും ആവർത്തിച്ചു. മേഖലയിലെ രാജ്യങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെയും അടിയന്തിര ആവശ്യകതയും ചർച്ചയിൽ അടിവരയിട്ടു.

ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ അംബാസഡർ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുള്ള അൽ ഹിനായി, അംബാസഡർ ഷെയ്ഖ് അഹമ്മദ് ബിൻ ഹാഷൽ അൽ മസ്കരി, ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Show Full Article
TAGS:Strait of Hormuz foreign ministers oman-india 
News Summary - Hormuz Crisis: Foreign Ministers of Oman and India hold talks
Next Story