ഗൾഫാർ മുഹമ്മദാലി ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ചാൻസലർ
text_fieldsമസ്കത്ത്: പ്രമുഖ പ്രവാസി വ്യവസായി ഡോ. പി. മുഹമ്മദാലിയെ (ഗൾഫാർ) ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചാൻസലർ ആയി തെരഞ്ഞെടുത്തു. യൂനിവേഴ്സിറ്റി ഡയറക്ടർമാരുടെ യോഗമാണ് തീരുമാനമെടുത്തത്.
യൂനിവേഴ്സിറ്റിയുടെ പ്രഥമ ചാൻസലർ ആയിരുന്ന ഡോ. ഷെയ്ഖ് സാലിം അൽ ഫന്നാഹ് അൽ അമിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ചാൻസലറെ നിയോഗിച്ചത്. ഒമാനിലെ പ്രശസ്തമായ ഗൾഫാർ എന്ന വ്യവസായ ശൃംഖലയെ കൂടാതെ ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥാപനങ്ങളുടെ വളർച്ചയിൽ സ്തുത്യർഹമായ തേതൃത്വം നൽകിയ ഡോ. പി. മുഹമ്മദാലി വിദ്യാഭ്യാസ സാമൂഹ്യ സേവനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഒമാനിലെ യൂനിവേഴ്സിറ്റികളിൽ ഗുണമേന്മക്ക് ദേശിയ അംഗീകാരം ലഭിച്ച നാഷനൽ യൂനിവേഴ്സിറ്റിയിൽ മെഡിസിൻ, ഫാർമസി, എൻജിനീയറിങ്, ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, മറൈൻ സ്റ്റഡീസ് എന്നീ മേഖലകളിൽ അന്താരാഷ്ട്ര നിലവാരമുള്ള പാഠ്യ പദ്ധതികളാണുള്ളത്.


