മാധ്യമ സഹകരണം ശക്തിപ്പെടുത്താൻ ജി.സി.സി
text_fieldsമസ്കത്ത്: ഗൾഫ് മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മാധ്യമ ചർച്ചകളെ ഏകീകരിക്കുന്നതിനെക്കുറിച്ചും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഇൻഫർമേഷൻ ആൻഡ് മീഡിയ മന്ത്രാലയങ്ങളുടെ അണ്ടർ സെക്രട്ടറിമാർ ചർച്ച നടത്തി.
അംഗരാജ്യങ്ങൾക്കിടയിൽ മാധ്യമ ഏകോപനം സാധ്യമാക്കാനും, തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളെയും കിംവദന്തികളെയും തടയുക, സംയുക്ത ഗൾഫ് നിലപാട് പ്രതിഫലിപ്പിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ വാർത്ത ഏജൻസികളുടെ പങ്ക് സജീവമാക്കുക, ഔദ്യോഗിക മാധ്യമസ്ഥാപനങ്ങൾ പുറപ്പെടുവിക്കുന്ന മാധ്യമ സന്ദേശങ്ങൾ ഏകീകരിക്കുക തുടങ്ങിയവ യോഗം ചർച്ച ചെയ്തു.
ടെലിവിഷൻ ചാനലുകൾ, റേഡിയോ സ്റ്റേഷനുകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവക്ക് മാധ്യമ ഉള്ളടക്കം കൈമാറുന്നതിനുള്ള ഏകോപന പ്രവർത്തനം സജീവമാക്കുക, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോടുള്ള പ്രതികരണം, അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഗൾഫ് മാധ്യമ സാന്നിധ്യം ശക്തിപ്പെടുത്തൽ എന്നിവക്കുള്ള വഴികളും പ്രധാന മാധ്യമ സന്ദേശങ്ങൾ ഏകീകരിക്കുന്നതും യോഗം അവലോകനം ചെയ്തു.വിഡിയോ കോൺഫറൻസിങ്വഴിയായിരുന്നു യോഗം.


