Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി.സി.സി രൂപീകരണത്തിന്...

ജി.സി.സി രൂപീകരണത്തിന് 45 വയസ്സ്; ഗൾഫ് രാജ്യങ്ങളിൽ കഴിഞ്ഞവർഷം സാമ്പത്തിക കുതിപ്പ്

text_fields
bookmark_border
ജി.സി.സി രൂപീകരണത്തിന് 45 വയസ്സ്; ഗൾഫ് രാജ്യങ്ങളിൽ കഴിഞ്ഞവർഷം സാമ്പത്തിക കുതിപ്പ്
cancel

മസ്കത്ത്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രൂപീകൃതമായതിന്റെ 45-ാം വാർഷികം അംഗരാജ്യങ്ങൾ മെയ് 25ന് ആഘോഷിക്കും. അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും സാമ്പത്തിക സുരക്ഷിതത്വവും ലക്ഷ്യമിട്ട് 1981 മെയ് 25-നാണ് ജി.സി.സി രൂപീകരിച്ചത്.

വിവിധ മേഖലകളിലെ പരസ്പര സഹകരണവും ശക്തമായ സാമ്പത്തിക അടിത്തറയും ഗൾഫ് രാജ്യങ്ങളുടെ ആഗോള സ്വാധീനം വർധിപ്പിക്കുന്നതായി ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, 2025-ൽ ജി.സി.സി രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 2.4 ട്രില്യൻ (2.4 ലക്ഷം കോടി) യു.എസ് ഡോളറിലെത്തി. 2024ൽ ഇത് 2.3 ട്രില്യൻ യു.എസ് ഡോളറായിരുന്നു. ജി.സി.സി സമ്പദ്‌വ്യവസ്ഥയിൽ എണ്ണയിതര മേഖലയുടെ പങ്ക് 78 ശതമാനത്തിലേറെയായി ഉയർന്നതാണ് ഏറ്റവും ശ്രദ്ധേയമായ നേട്ടം.

ധനകാര്യ മേഖലയിൽ ഗൾഫ് രാജ്യങ്ങളിലെ വാണിജ്യ ബാങ്കുകളുടെ ആകെ ആസ്തി 11.9 ശതമാനം വളർച്ചയോടെ 3.9 ട്രില്യൺ യു.എസ് ഡോളറിലെത്തി. ബാങ്കുകളിലെ നിക്ഷേപം 10.6 ശതമാനം വളർന്ന് 2.3 ട്രില്യൺ ഡോളറായി ഉയർന്നു. ഇത് ഗൾഫ് സാമ്പത്തിക മേഖലയിൽ ആഗോള നിക്ഷേപകർക്ക് വിശ്വാസം വർധിക്കുന്നതിനെയാണ് കാണിക്കുന്നത്.

ലോകത്തെ ആകെ പരമാധികാര നിക്ഷേപങ്ങളുടെ (സോവറീൻ വെൽത്ത് ഫണ്ട്സ്) 30.3 ശതമാനവും ജി.സി.സി രാജ്യങ്ങളുടെ പക്കലാണ്. ഏകദേശം അഞ്ചു ട്രില്യൺ ഡോളറാണ് ഗൾഫ് വെൽത്ത് ഫണ്ടുകളുടെ ആകെ മൂല്യം. വിദേശ വ്യാപാര രംഗത്ത് 2024-ൽ ജി.സി.സി രാജ്യങ്ങൾ 1.6 ട്രില്യൺ ഡോളറിന്റെ ഇടപാടുകൾ നടത്തി. ഇതിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകയറ്റുമതി മാത്രം 849.6 ബില്യൺ ഡോളറാണ്.

അതേസമയം, ഊർജ മേഖലയിൽ പ്രതിദിനം 16.6 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണ ഉൽപാദിപ്പിച്ച് ആഗോള വിപണിയിൽ ജി.സി.സി തങ്ങളുടെ നിർണായക സ്ഥാനം നിലനിർത്തി. ഇത് ലോകത്തെ ആകെ എണ്ണ ഉൽപാദനത്തിന്റെ 22.2 ശതമാനമാണ്.

2025-ലെ ആഗോള മത്സരശേഷി സൂചികയിൽ ജി.സി.സി പൊതുവായി 15-ാം സ്ഥാനത്തും നികുതി നയ സൂചികയിൽ എട്ടാമതും പബ്ലിക് ഫിനാൻസ് സൂചികയിൽ പതിനൊന്നാമതുമാണ്. ഗൾഫ് സംയുക്ത വിപണിയിലൂടെ അംഗരാജ്യങ്ങൾ തമ്മിലുള്ള ആഭ്യന്തര വ്യാപാരം 146 ബില്യൺ ഡോളറായി ഉയർന്നു. സംയുക്ത ഓഹരി കമ്പനികളുടെ ആകെ മൂലധനം 549 ബില്യൺ ഡോളറിലെത്തുകയും ചെയ്തു.

സാമൂഹിക വികസന രംഗത്തും വലിയ മുന്നേറ്റമാണ് ജി.സി.സി കൈവരിച്ചത്. അംഗരാജ്യങ്ങൾക്കിടയിൽ 41.4 ദശലക്ഷത്തിലധികം ഗൾഫ് പൗരന്മാർ യാത്ര ചെയ്യുകയും, 43,200 ഓളം വിദ്യാർഥികൾ അയൽ രാജ്യങ്ങളിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുകയും ചെയ്യുന്നുണ്ട്. ഏകദേശം അഞ്ചു ലക്ഷത്തോളം ഗൾഫ് പൗരന്മാർ മറ്റ് ജി.സി.സി രാജ്യങ്ങളിലെ ആരോഗ്യ സേവനങ്ങൾ പരസ്പരം പ്രയോജനപ്പെടുത്തി.

വിനോദസഞ്ചാര മേഖലയിൽ നിന്ന് മാത്രം 132.3 ബില്യൺ യു.എസ് ഡോളറിന്റെ വരുമാനമാണ് ഗൾഫ് രാജ്യങ്ങൾക്ക് ലഭിച്ചത്. പ്രാദേശിക, ആഗോള രാഷ്ട്രീയ പ്രശ്നങ്ങളിൽ ഒരേ സ്വരത്തിൽ നിലപാടുകൾ സ്വീകരിക്കുന്ന ജി.സി.സി, അന്താരാഷ്ട്ര തലത്തിൽ സമാധാന ശ്രമങ്ങൾക്കും ചർച്ചകൾക്കും നേതൃത്വം നൽകുന്ന പ്രധാന പങ്കാളിയായി മാറിയിട്ടുണ്ട്.

Show Full Article
TAGS:GCC 45 years old gulf countries Oman News 
News Summary - GCC turns 45; Gulf countries witnessed economic boom last year
Next Story